sabarimala-

കോട്ടയം: കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷവിമർശനവുമായി എൻ.എസ്.എസ് രംഗത്ത്. സംഘടനയുടെ ശരിദൂര നിലപാടിന് കാരണം ശബരിമലയാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു. കേരളത്തിലെ സർക്കാർ വിശ്വാസം ഇല്ലാതാക്കാൻ നിലകൊണ്ടെന്നും കേന്ദ്ര-സംസ്ഥാനസർക്കാർ വിശ്വാസികൾക്കെതിരാണെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകൾക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് എൻ.എസ്.എസ് ശക്തമായ നിലപാട് ആവർത്തിക്കുന്നത്.

മുന്നാക്ക വിഭാഗത്തിനായി ഇടതുപക്ഷം നല്ലതുചെയ്‌തെന്ന കോടിയേരിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതെന്ന് എൻ.എസ്.എസ്. മുന്നാക്ക സമുദായങ്ങൾക്കായി ഈ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് സുകുമാരൻ നായർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 10 ശതമാനം സംവരണംപോലും ബോധപൂർവം തടഞ്ഞുവയ്ക്കുന്നു. എൻ.എസ്.എസിന്റെ ശരിദൂരനിലപാട് നാടിന്റെ നന്മയ്ക്കുവേണ്ടിയാണെന്നും നിലപാടിൽ ആശങ്കയോ അവകാശവാദമോ ഇല്ലെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

അതേസമയം, വട്ടിയൂർക്കാവും കോന്നിയും അഭിമാനപ്രശ്നമായെടുത്ത് യു.ഡി.എഫിനായി പരസ്യമായി ഇറങ്ങുന്ന എൻ.എസ്.എസിന്റെ നീക്കത്തിൽ സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയം കൗതുകമുണർത്തുന്ന വഴിത്തിരിവിൽ. മുമ്പ് എൻ.ഡി.പി എന്ന രാഷ്ട്രീയപ്പാർട്ടി രൂപീകരിച്ച ഘട്ടത്തിലല്ലാതെ തിരഞ്ഞെടുപ്പുകളിൽ ഏതെങ്കിലും മുന്നണിക്കായി എൻ.എസ്.എസ് നേതൃത്വം പരസ്യമായി രംഗത്തിറങ്ങിയിട്ടില്ലെന്നിരിക്കെ, ഇപ്പോഴത്തെ സംഭവഗതികളെ മുന്നണികൾ ഉറ്റുനോക്കുകയാണ്.

എൻ.എസ്.എസിന്റെ പരസ്യനിലപാടോടെ, ഉപതിരഞ്ഞെടുപ്പിൽ സാമുദായിക രാഷ്ട്രീയത്തിന്റെ പ്രതിഫലനം എത്രത്തോളമാകുമെന്നതിലേക്ക് ചർച്ചകൾ വഴിമാറിയിട്ടുണ്ട്. മൂന്ന് മുന്നണികളോടും ഒരേ നിലപാടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എസ്.എൻ.ഡി.പി പിന്തുണ ആർക്കൊപ്പമാകുമെന്നതിലുമുണ്ട് ആകാംക്ഷ. പാലായിൽ കിട്ടിയ എസ്.എൻ.ഡി.പി പിന്തുണ വരുന്ന ഉപതിരഞ്ഞെടുപ്പുകളിലും കിട്ടുമെന്ന പ്രതീക്ഷ ഇടതുമുന്നണിക്കുണ്ട്. ക്രൈസ്തവസഭാ തർക്കത്തിലെ മുന്നണികളുടെ നിലപാടും എറണാകുളവും കോന്നിയും വട്ടിയൂർക്കാവുമടക്കമുള്ള മണ്ഡലങ്ങളിൽ ചർച്ചാവിഷയമാണ്.