tata-bus

അഹമ്മദാബാദ്: 300 ഇലക്ട്രിക് ബസുകളുടെ ഇടപാടുമായി ഇലക്ട്രിക് ബസ് വിപണി കയ്യടക്കാനൊരുങ്ങി ടാറ്റ മോട്ടോർസ്. ഗുജറാത്തിലെ അഹമ്മദാബാദിലെ ബസ് സർവീസായ ജൻമാർഗ് ലിമിറ്റഡുമായാണ് ടാറ്റ 300 ഇലക്ട്രിക് ബസുകളുടെ കരാർ ഒപ്പിട്ടിരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് കരാറാണിത്. മാത്രമല്ല, ഇതിനോടകം തന്നെ 200 ഇലക്ട്രിക്ക് ബസുകൾ ടാറ്റ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇതിലൂടെ 60 ശതമാനം വിപണി ടാറ്റ സ്വന്തമാക്കി. എന്നാൽ 300 ബസുകളുടെ ഈ പുതിയ കരാറിലൂടെ 90 ശതമാനം വിപണിയാണ് ടാറ്റായുടെ കൈകളിലേക്ക് എത്തിയിരിക്കുകയാണ്.

ടാറ്റ അൾട്രാ അർബൻ 9/9 ഇലക്ട്രിക് എ.സി ബസുകളാണ്‌ അഹമ്മദാബാദ് ജൻമാർഗ് ലിമിറ്റഡിനുവേണ്ടി ടാറ്റ രംഗത്തിറക്കുന്നത്. യു.എസ്. ജർമനി, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള ഇലക്ട്രോണിക് ട്രാക്‌ഷൻ കമ്പണന്റ്സ് ഘടിപ്പിച്ച വാഹനമാണ് ടാറ്റ അൾട്രാ അർബൻ. ഫാസ്റ്റ് ബാറ്ററി ചാർജിങ്, സപ്പോർട്ട് സിസ്റ്റം എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ടാറ്റ ഈ ബസുകളിൽ ഒരുക്കും. ഏറ്റവും മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുള്ള ഈ ബസുകൾ ടാറ്റ പ്രാദേശികമായി നിർമ്മിച്ചെടുത്തവയാണ്. ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളും 100 ശതമാനം ഇലക്ട്രിക്കായ വാഹനങ്ങളുമാണ് ടാറ്റ ഇന്ത്യയിൽ നിർമിക്കുക.ശുദ്ധമായ ഇന്ധനം കൊണ്ട് പ്രവർത്തിക്കുന്ന വാഹനങ്ങൾ വ്യാപകമാക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ നയത്തിന് അനുകൂലമായാകും തങ്ങൾ പ്രവർത്തിക്കുകയെന്ന് ടാറ്റ വ്യക്തമാക്കി.