cpm-
​ക​മ്മ്യൂ​ണി​സ്റ്റ് പാർട്ടി​ രൂപീകരണത്തി​ന് എം.എൻ. റോയ് താഷ്ക്കന്റി​ലെത്തി​യപ്പോൾ (ഫയൽ ചി​ത്രം)

ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം 99 വർഷം പൂർത്തിയാക്കി 100ലേക്ക് കടക്കുകയാണ്. 1920 ഒക്ടോബർ 17നു ഇന്നത്തെ ഉസ്‌ബെക്കിസ്ഥാനിലെ താഷ്കെന്റിലായിരുന്നു ചരിത്രം കുറിച്ച പാർട്ടിരൂപീകരണ യോഗംനടന്നത്.എം എൻ റോയ്, എവിലിൻ റോയ് ട്രെൻഡ്, അബനി മുഖർജി, റോസാ ഫിറ്റിംഗോവ്, മുഹമ്മദ് അലി, മുഹമ്മദ് ഷാഫിക്, ആചാര്യ എന്നീ ഏഴു സഖാക്കളാണ് ആദ്യ യോഗത്തിൽ സംബന്ധിച്ചത്. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് ഷഫീക്കാണ്. കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലിന്റെ തുർക്കിസ്ഥാൻ ബ്യൂറോയുടെ സെക്രട്ടറി എന്ന ചുമതലയായിരുന്നു എം എൻ റോയിക്ക്.കമ്മ്യൂണിസ്റ്റ്‌ ഇന്റർനാഷനലിന്റെ തത്വങ്ങൾ അംഗീകരിച്ച ഘടകം ഇന്ത്യൻ സാഹചര്യത്തിനിണങ്ങും വിധം 'പാർട്ടി പരിപടിക്ക് ' രൂപം നൽകാനും തീരുമാനിച്ചു. സാർവദേശീയ ഗാനം ആലപിച്ചുകൊണ്ട് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ പ്രഥമ യോഗം പര്യവസാനിച്ചു

1978 ജൂലൈ മാസത്തിൽ താഷ്കെന്റ് വിമാനത്താവളത്തിൽ ഏതാനും മണിക്കൂറുകൾ ചെലവഴിച്ചപ്പോൾ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വിപ്ലവ ഭൂമി പുറത്തിറങ്ങി കാണാൻ മോഹിച്ചെങ്കിലും അത് അന്ന് സൗകര്യപ്പെട്ടില്ല. പ്രകാശ് കാരാട്ട്, ബിമൻ ബോസ്, മണിക്ക് സർക്കാർ, അശോക് ലത ജെയിൻ, ഇന്ദ്രാണി മജുംദാർ,വിവാൻ സുന്ദരം, കോടിയേരി ബാലകൃഷ്ണൻ , പാട്യം രാജൻ, ടി പി ദാസൻ, രാമു കാര്യാട്ട്, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരൊക്കെ ആ യുവജനോത്സവ യാത്രയിലുണ്ടായിരുന്നത് ഓർക്കുന്നു .സോവിയറ്റ് യൂണിയണിയന്റ പ്രശസ്തമായ എയ്‌റോഫ്ളോട്ട് വിമാനം ഇന്ധനം നിറയ്ക്കാനാണ് താഷ്കെന്റിൽ നിറുത്തിയത്. 58 വർഷങ്ങൾക്ക് മുൻപ് എം എൻ റോയിയുടെ നേതൃത്വത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ രൂപീകരണ യോഗം നടന്ന താഷ്കെന്റിൽ ഒന്ന് കാലു കുത്താനെങ്കിലും ആയല്ലോ എന്ന ചെറു സംതൃപ്തിയുമായാണ് അന്ന് യാത്ര തുടർന്നത്

ഇന്ത്യയിലെ സാമ്രാജ്യത്വ വിരുദ്ധ ദേശീയ പ്രസ്ഥാനം മിത വാദികളും രണോൽസുകരും എന്ന് വേർതിരിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ. പഠിക്കാനും തൊഴിലിനും വടക്കേ അമേരിക്കയിൽ പോയ ഇന്ത്യൻ യുവാക്കൾ 1913 ൽ സാൻഫ്രാൻസിസ്ക്കോയിൽ ഗദ്ദർ പാർട്ടി രൂപീകരിച്ചത് ഈ പശ്ചാത്തലത്തിലാണ്. 1917 ലെ റഷ്യൻ വിപ്ലവം ലോകത്തൊട്ടാകെ പുരോഗമന ആശയങ്ങളോട് വിപ്ലവകരമായ അഭിനിവേശം വളർത്തി. 1919 മാർച്ചിൽ മോസ്കോയിൽ ലെനിനിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ്‌ ഇന്റർനാഷണൽ സ്ഥാപിതമായത് ഈ പ്രവണതകൾക്ക് കൂടുതൽ ഉത്തേജനം പകർന്നു. 1917 ൽ മെക്സിക്കോവിലായിരുന്ന എം .എൻ റോയ്, അവിടെ സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി രൂപീകരിച്ചത് ഈ ചരിത്ര പശ്ചാത്തലത്തിലായിരുന്നു. 1919 നവംബറിൽ മെക്സിക്കൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി എന്ന് റോയിയൂടെനേതൃത്വത്തിൽത്തന്നെ പുനർ നാമകരണം ചെയ്തു. രണ്ടു ഭൂഖണ്ഡങ്ങളിൽ രണ്ടു കമ്മ്യൂണിസ്റ്റു പാർടികളുടെ രൂപീകരണത്തിനു നേതൃത്വം കൊടുത്ത ഇന്ത്യാക്കാരനെന്ന പ്രത്യേകത എം. എൻ റോയിക്കവകാശപ്പെട്ടതാണ് . ഒപ്പം കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലിൽ ലെനിനിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചതും നമുക്ക് അഭിമാനിക്കാവുന്നതാണ്.

ഈ കാലഘട്ടത്തിൽ സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളോട് ബ്രിട്ടീഷ് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ താല്പര്യം ഉണരാൻ തുടങ്ങിയിരുന്നു.മുംബൈയിൽ എസ് .എ ഡാങ്കെ, കൽക്കട്ടയിൽ മുസാഫർ അഹമ്മദ് , മദിരാശിയിൽ ശിങ്കാര വേലു ചെട്ടിയാർ തുടങ്ങിയവരാണിതിൽ മുൻകൈ എടുത്തത്. ലാഹോർ ,കാൺപൂർ തുടങ്ങിയ സ്ഥലങ്ങളിലും കമ്മ്യൂണിസ്റ്റ്‌ ഗ്രൂപ്പുകൾ ഉയർന്നു വന്നു.

ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽവച്ച് വിവിധപ്രദേശങ്ങളിലെ കമ്മ്യൂണിസ്റ്റുകാരുടെ ഒരു ഏകോപിത സമ്മേള നം 1925 ൽ കാൺപൂരിൽ ചേർന്നത്.

ബ്രിട്ടീഷ്സാമ്രാജ്യത്വം കിരാതമായ അടിച്ചമർത്തലിലുടെയാണ് കമ്മ്യുണിസത്തെ ജനനത്തിൽത്തന്നെ വധിക്കാൻ ശ്രമിച്ചത്. ലാഹോർ പേഷവാർ കാൺപുർ മീററ്റ് എന്നിങ്ങനെ ഗൂഢാലോചനക്കേസുകളുടെ പരമ്പരകളാണ് കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടാൻ ബ്രിട്ടീഷ് സാമ്രാജ്യത്വം കെട്ടഴിച്ചുവിട്ടത്. സ്വാതന്ത്ര്യ സമരത്തിൽ ഇത്രകടുത്ത പീഡനം മറ്റൊരു രാഷ്ട്രീയവിഭാഗത്തിനും നേരിടേണ്ടി വന്നിട്ടില്ല എന്നത് എത്രപേർ ഓർക്കുന്നൂ?

ഇതിന്റെ സ്വാധീനം സാമ്രാജ്യവിരുദ്ധസമരത്തിലും പ്രതിഫലിക്കാതെവയ്യല്ലോ. വ്യത്യസ്ത പ്രത്യയശാസ്ത്ര - രാഷ്ട്രീയ - പ്രവർത്തന - സമരപാതകൾ പിന്തുടരുന്നവരുടെ ഒരുപാർട്ടിയല്ല; മുന്നണിയായിരുന്നല്ലോ കോൺഗ്രസ്സ്. മഹാത്മാഗാന്ധി അതിന്റെ സർവ്വസൈന്യാധിപനായിരുന്നെങ്കിലും സ്വതന്ത്രമായ സംവാദങ്ങൾ അന്ന് അഖിലേന്ത്യാ കോൺഗ്രസ്സ് സമ്മേളനങ്ങളിൽ നടന്നിരുന്നു. ആ സാദ്ധ്യത ഉപയോഗപ്പെടുത്തിക്കൊണ്ടാണ് 1921 ൽ സമ്പൂർണ സ്വാതന്ത്ര്യ പ്രമേയം ഹസ്രത് മൊഹാനിയും സ്വാമി കുമാരാനന്ദയും അഹമ്മദാബാദ് ഏ .ഐ .സി .സി സമ്മേളനത്തിൽ അവതരിപ്പിച്ചത്. മഹാത്മാഗാന്ധി അന്ന് അതിനെ അനുകൂലിക്കാത്തതിനാൽ പാസ്സാക്കാനായില്ല എന്നതും ചരിത്രത്തിന്റെ ഭാഗം. തൊഴിലാളികൾ കർഷകർ വിദ്യാർഥികൾ യുവാക്കൾ മഹിളകൾ കലാസാഹിത്യ മേഖലകളിലുള്ളവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലേക്ക് സംഘടനാപ്രവർത്തനം സുശക്തവും വ്യാപകവുമാക്കുന്നതിൽ കമ്മ്യൂണിസ്റ്റുകാരുടെ സംഭാവന അവിതർക്കിതമാണ്.

ത്യാഗോജ്വലമായ തെലങ്കാനസമരം സെമിന്താരി സമ്പ്റദായത്തിനെതിരേ ബഹുജനസമരവികാരംശക്തിപ്പടാൻ വലിയപങ്കുവഹിച്ചു.അതുപോലെ കമ്മ്യുണിസ്റ്റുകാർ നേതൃത്വം നൽകിയ പുന്നപ്ര - വയലാർ,തേഭാഗ, സുർമവാലി,വർളി,വടക്കേമലബാർ പോരാട്ടങ്ങൾ നാടിന്റെ പരിവർത്തനപോരാട്ട പരമ്പരകളിൽ അവിസ്മരണീയങ്ങളാണ്.

ഭാഷാസംസ്ഥാന രുപീകരണം ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ ഭൂമിശാസ്ത്രം രൂപപ്പെടുത്തുന്നതിൽ നിർണായകമായ പങ്കുവഹിച്ചു. അതിലും കമ്മ്യുണിസ്റ്റുകാരുടെ സംഭാവന ചരിത്ര പ്രസിദ്ധമാണ്.

മതേതരജനാധിപത്യ മൂല്യങ്ങളോടുള്ള കമ്യൂണിസ്റ്റു പ്രതിബദ്ധതയും ഇന്ത്യയുടെചരിത്ര ജീവിതത്തിൽ തെളിഞ്ഞു പതിഞ്ഞിട്ടുണ്ട്. അടിയന്തിരാവസ്ഥക്കാലമെന്നും ഇന്നത്തെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയെന്നും മാത്രം ഓർത്താൽ മതിയല്ലോ. ഓദ്യോഗിക പ്രതിപക്ഷം സ്തംഭിച്ചു നിൽക്കുകയോ മൃദുവർഗ്ഗീയത കുറുക്കുവഴികളന്വേഷിക്കുകയോ ചെയ്യുമ്പോൾ കമ്മ്യൂണിസ്റ്റുകാരാണ് മുഖ്യമായി ഭരണഘടനയിലെ ജനാധിപത്യ - മതേതര- തുല്യതാ മൂല്യങ്ങൾക്കുവേണ്ടി ഉറച്ചനിലപാടു സ്വീകരിക്കുന്നത്. നവോത്ഥാനമൂല്യങ്ങളിൽ നിന്ന് കൂടുതൽ മുന്നോട്ടു കുതിക്കാൻ ധീരതയുള്ളതും ഇടതുപക്ഷത്തിനും കമ്മ്യൂണിസ്റ്റുകാർക്കുമാണെന്ന് വ്യക്തം.

അതേ സമയം ശതാബ്ദിയിലേക്ക് നീങ്ങുന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി അഭിമുഖീകരിക്കുകയാണിന്ന്. അനുഭവങ്ങളിൽ നിന്ന് സത്യസന്ധമായും ധീരമായും പാഠങ്ങൾപഠിച്ച്, തെറ്റിദ്ധാരണകളും തെറ്റുകളും ക്ഷമാപൂർവ്വം തിരുത്തി നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാൻ ശതാബ്ദി ആചരണവും പാർടിയെ സഹായിക്കുമെന്നു കരുതുന്നു.

(സി.പി.എം. പി.ബി.അംഗമാണ് ലേഖകൻ)