jolly

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ എൻ.ഐ.ടി. യാത്രയ്ക്കുപിന്നിലും ദുരൂഹത പുറത്തുകൊണ്ടുവരുന്ന ജോലിയിലാണ് അന്വേഷണ സംഘം. എൻ.ഐ.ടി. അദ്ധ്യാപികയാണെന്ന് പറഞ്ഞാണ് ജോളി ദിവസവും വീട്ടിൽനിന്ന് ഇറങ്ങിയിരുന്നത്. ഉന്നതബന്ധങ്ങളിലേക്കുള്ള പാലമായിരുന്നു ഈ യാത്രയെന്നാണ് അന്വേഷണസംഘത്തിനു കിട്ടിയ വിവരം. വ്യാജ ഒസ്യത്തിൽ ഒപ്പിട്ടവർമുതൽ ഈ ഒസ്യത്തുപ്രകാരം സ്ഥലത്തിന്റെ രജിസ്‌ട്രേഷനാവശ്യമായ സഹായം നൽകിയവർവരെ ഈ യാത്രയിലെ പരിചയക്കാരാണെന്നും പൊലീസ് ലഭിച്ച വിവരത്തിലുണ്ട്.

എന്നാൽ 14 വർഷമായി എൻ.ഐ.ടിയിലേക്കെന്ന് പറഞ്ഞ് ജോളി പോകുന്നത് സാത്താൻ പൂജയ്ക്കാണെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ജോളിയുടെ സ്വദേശമായ കട്ടപ്പനയിൽ സാത്താൻ പൂജ ചെയ്യുന്ന ആളുകളുമായി ജോളിക്ക് അടുപ്പമുണ്ടെന്നും വിവരമുണ്ട്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്ലബാണ് സാത്താൻ പൂജയ്ക്ക് ഒത്താശ ചെയ്യുന്നതെന്നാണ് കരുതുന്നത്. കൂടാതെ എൻ.ഐ.ടി കേന്ദ്രീകരിച്ചും ഇത്തരം സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. നേരത്തെ കോഴിക്കോട് കേന്ദ്രമായി സാത്താൻ പൂജ സംഘം വിലസുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

വെള്ളിയാഴ്ചകളിലാണ് സാത്താൻ പൂജ നടക്കുന്നത്. അംഗങ്ങൾക്ക് മാത്രമേ ഇത്തരം ക്ലബ്ബിലേക്ക് പ്രവേശനമുള്ളു. പുറത്ത് നിന്നുള്ള ആരേയും ക്ലബ്ലിലേക്ക് കടത്തി വിടാറില്ല. എല്ലാ ജില്ലകളിലും ഇവർക്ക് ശാഖകളുണ്ട്. സാത്താൻ പൂജയിലൂടെ സ്വത്തും പണവും വർദ്ധിക്കുമെന്നാണ് ഈ സംഘങ്ങളുടെ അന്ധവിശ്വാസം. ക്രിസ്ത്യാനികളുടെ ഹോളി ബൈബിളിനേയും വിശുദ്ധ കുർബ്ബാനയേയും അവഹേളിക്കുന്ന തരത്തിലുള്ള ആഭിചാര കർമ്മങ്ങളാണത്രേ ഇക്കൂട്ടർ നടത്തുന്നത്. ജോളി ആഭിചാര കർമ്മങ്ങൾ നടത്താറുണ്ടെന്ന സംശയം നേരത്തേ തന്നെ ഉണ്ടായിരുന്നു. വീട്ടിൽ ചില പൂജകളും മറ്റ് റോയിയും ജോളിയും നടത്തിയിരുന്നതായി ചില അയൽവാസികളും പറഞ്ഞിരുന്നു. കട്ടപ്പന സ്വദേശിയായ ജ്യോത്സന്റെ വീട്ടിലെത്തി ജോളി പൂജ നടത്താറുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അരുംകൊല അല്ലേങ്കിൽ കുരുതി സാത്താൻ പൂജയുടെ ഭാഗമായുള്ള ആഭിചാര ക്രിയയാണെന്നാണ് കണക്കാക്കപ്പെടുന്നത്. പെൺകുട്ടികളെ കുരുതി കൊടുക്കുന്നതിലൂടെ എളുപ്പത്തിൽ ഫല പ്രാപ്തി നടക്കുമെന്നാണ് സാത്താൻ പൂജയിലെ വിശ്വാസം. ഇതിന്റെ ഭാഗമായിട്ടാണ് ജോളി തന്റെ രണ്ടാം ഭർത്താവ് ഷാജുവിന്റെ പെൺകുഞ്ഞ് ആൽഫൈനെ കൊലപ്പെടുത്തിയതെന്നും സൂചനയുണ്ട്. കൂടാതെ പെൺകുട്ടികളെ കൊലപ്പെടുത്താൻ ജോളി ശ്രമിച്ചത് ഇതിന്റെ ഭാഗമാണോയെന്ന് സംശയമുണ്ട്.

അതേസമയം,​ ചോദ്യം ചെയ്യുന്നതിനിടെ താൻ ചെയ്ത കുറ്റത്തിന്റെ ഗൗരവമൊന്നും കാണിക്കാതെയാണ് ജോളിയുടെ പെരുമാറ്റമുണ്ടായിരുന്നത്. എന്റെ ശരീരത്തിൽ ചില സമയങ്ങളിൽ പിശാച് കയറും. ആ സമയങ്ങളിൽ ഞാൻ എന്തുചെയ്യുമെന്ന് പറയാനാകില്ലെന്നും ജോളി കോടതിയിൽ ഹാജരാക്കാൻ പോകവേ പറഞ്ഞിരുന്നു. ഇതൊക്കെ ചേർത്ത് വായിക്കുമ്പോൾ ജോളിക്ക് സാത്താൻ പൂജയുമായി ബന്ധമുണ്ടെന്നാണ് സൂചന. എന്തായായും ഇക്കാര്യം അന്വേഷിച്ച് പുറത്തുകൊണ്ടുവരാനാണ് പൊലീസിന്റെ തീരുമാനം.