-pulwama-

ശ്രീനഗർ: ജമ്മു കാശ്മീരിലെ പുൽവാമയിൽ ഇന്നലെ ഛത്തീസ്ഗഢിൽ നിന്നെത്തിയ തൊഴിലാളിയെ ഭീകരർ കൊന്നു. രാജസ്ഥാനിൽനിന്നുള്ള ട്രക്ക് ഡ്രൈവർ ഷോപ്പിയാനിൽ വെടിയേറ്റു മരിച്ചതിന് പിന്നാലെയാണിത്.

സംസ്ഥാനത്തിന് പുറത്തുനിന്ന് കാശ്മീരിലെത്തുന്ന തൊഴിലാളികളെ ഭീകരർ ലക്ഷ്യംവയ്ക്കുന്നതിന്റെ സൂചനയാണ് ഈ കൊലപാതകങ്ങൾ. വ്യാപാരം തടസപ്പെടുത്തുന്നതിനും ജനങ്ങളിൽ ഭയം ജനിപ്പിക്കുന്നതിനും വേണ്ടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു. കാശ്മീരിൽനിന്നുള്ള പഴങ്ങളുടെ വ്യാപാരം വർദ്ധിച്ചതിന്റെ നിരാശയിലാകാം ട്രക്ക് ഡ്രൈവറെ കഴിഞ്ഞ തിങ്കളാഴ്ച ഭീകരർ വധിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട ഭീകരവാദികളിൽ ഒരാൾ പാകിസ്ഥാൻ പൗരനാണെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. അതിനിടെ, കാശ്മീരിലെ അനന്തനാഗ് ജില്ലയിൽ മൂന്ന് ഭീകരരെ സുരക്ഷാസൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ഭീകരർ ഒളിച്ചിരുന്ന സ്ഥലത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തേക്ക് വരരുതെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

72 ദിവസങ്ങൾക്കുശേഷം കാശ്മീരിലെ മൊബൈൽ ഫോൺ സേവനങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടതിനു ശേഷം താഴ്വരയിൽ സുരക്ഷാ സൈന്യവും ഭീകരരും തമ്മിലുണ്ടാകുന്ന ആദ്യ ഏറ്റുമുട്ടലാണിത്. സൈന്യം വധിച്ച മൂന്ന് ഭീകരരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.