ന്യൂഡൽഹി: ഇന്ത്യയുടെ വാണിജ്യാധിഷ്‌ഠിത കയറ്റുമതി വരുമാനം സെപ്‌തംബറിൽ ഏഴു മാസത്തെ താഴ്‌ചയായ 2,603 കോടി ഡോളറിലേക്ക് ഇടിഞ്ഞു. 2018 സെപ്‌തംബറിലെ 2,787 കോടി ഡോളറിനെ അപേക്ഷിച്ച് 6.57 ശതമാനമാണ് ഇടിവ്. ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യം ശക്തമെന്ന് സൂചിപ്പിച്ച് ഇറക്കുമതി കഴിഞ്ഞമാസം മൂന്നു വർഷത്തെ താഴ്‌ചയിലുമെത്തി.
13.85 ശതമാനം കുറവുമായി 3,689 കോടി ഡോളറിന്റെ ഇറക്കുമതിയാണ് കഴിഞ്ഞമാസം നടന്നത്. 2018 സെപ്‌തംബറിൽ ഇറക്കുമതിച്ചെലവ് 4,282 കോടി ഡോളറായിരുന്നു. ആവശ്യത്തിനുള്ള ഉത്‌പന്നങ്ങൾ വാങ്ങാനുള്ള പണലഭ്യത കുറയുമ്പോഴാണ് ഇറക്കുമതിയിൽ ഇത്ര ഇടിവുണ്ടാകുന്നത്. അതേസമയം, ഇറക്കുമതിയിലുണ്ടായ ഇടിവ് ഇന്ത്യയുടെ വ്യാപാരക്കമ്മി താഴാൻ സഹായകമായി.
ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി ആഗസ്‌റ്റിലെ 1,345 കോടി ഡോളറിൽ നിന്ന് 1,086 കോടി ഡോളറായാണ് കഴിഞ്ഞമാസം കുറഞ്ഞത്. ഇതും ഏഴ് മാസത്തെ താഴ്‌ചയാണ്. 2018 സെപ്‌തംബറിൽ ഇത് 1,495 കോടി ഡോളറായിരുന്നു. വ്യാപാരക്കമ്മിയിലുണ്ടായ ഇടിവ്, കറന്റ് അക്കൗണ്ട് കമ്മി കുറയാനും സഹായകമാകും. ഇന്ത്യയിലേക്കുള്ള വിദേശ നാണയത്തിന്റെ വരവും തിരിച്ചൊഴുക്കും തമ്മിലെ അന്തരമാണിത്.
2018-19ലെ രണ്ടാംപാദമായ ജൂലായ് - സെപ്‌തംബറിൽ കറന്റ് അക്കൗണ്ട് കമ്മി 1,900 കോടി ഡോളറായിരുന്നു. നടപ്പുവർഷം രണ്ടാംപാദത്തിൽ ഇത് 800-900 കോടി ഡോളറായിരിക്കും എന്നാണ് വിലയിരുത്തലുകൾ.
8/30
രാജ്യത്തെ മുപ്പത് കയറ്റുമതി വിഭാഗങ്ങളിൽ എട്ടെണ്ണം മാത്രമാണ് സെപ്‌തംബറിൽ വളർച്ച നേടിയത്. ആഗോള സാമ്പത്തികമാന്ദ്യം മൂലം ഡിമാൻഡ് കുറഞ്ഞതാണ് തിരിച്ചടിയായത്.
കയറ്റുമതിയിൽ
തളർന്നവർ
പെട്രോളിയം ഉത്പന്നങ്ങൾ : -18.6%
ലെതർ - ഉത്‌പന്നങ്ങൾ : -10.47%
ഹാൻഡ്‌ലൂം : -15.3%
മാംസം : -23.51%
സമുദ്രോത്പന്നങ്ങൾ : -10.13%
50.82%
ഉത്സവകാലമായിട്ടും സ്വർണം ഇറക്കുമതി കഴിഞ്ഞമാസം 50.82 ശതമാനം കുറഞ്ഞ്, 127 കോടി ഡോളറിൽ ഒതുങ്ങി. സാമ്പത്തിക ഞെരുക്കമാണ് ഇറക്കുമതിയെ ബാധിച്ചത്.
ഇറക്കുമതിക്കുറവ്
കൽക്കരി : -24.00%
പെട്രോളിയം : -18.3%
കെമിക്കലുകൾ : -16.2%
സ്‌റ്റീൽ : -14.6%
$1,086 കോടി
ഇറക്കുമതിച്ചെലവ് കുത്തനെ കുറഞ്ഞതോടെ കഴിഞ്ഞമാസം വ്യാപാരക്കമ്മി ഏഴ് മാസത്തെ താഴ്‌ചയായ 1,086 കോടി ഡോളറായി താഴ്‌ന്നു.
ചൈനയ്ക്കും ക്ഷീണം
സെപ്‌തംബറിൽ ചൈനയുടെ കയറ്റുമതി വരുമാനം 8.5 ശതമാനം കുറഞ്ഞു. രാജ്യത്ത് സാമ്പത്തിക മാന്ദ്യം മൂലമുള്ള ഡിമാൻഡില്ലായ്‌മ വ്യക്തമാക്കി ഇറക്കുമതി 3.2 ശതമാനവും കുറഞ്ഞു.