തിരുവനന്തപുരം: ചാരിറ്റി പ്രവർത്തനത്തിന്റെ പേരിൽ തനിക്കെതിരെ വിമർശനമുന്നയിച്ച സാമൂഹ്യ സുരക്ഷാ മിഷൻ ഡയറ്കർ മുഹമ്മദ് അഷീലിന് മറുപടിയുമായി ഫിറോസ് കുന്നംപറമ്പിൽ രംഗത്തെത്തി. ഫേസ്ബുക്ക് വീഡിയോയിൽ കൂടിയാണ് അദ്ദേഹം മറുപടിയുമായി രംഗത്തെത്തിയത്. താൻ സംസാരിക്കുന്നത് രോഗികൾക്ക് വേണ്ടിയാണ് അല്ലാതെ ഗവൺമെന്റിന്റെ പേരിൽ ശമ്പളംവാങ്ങി വെറുതെയിരിക്കുന്ന നിങ്ങൾക്കു വേണ്ടിയല്ലെന്നും ഫിറോസ് ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു. സർക്കാർ ചെയ്യാത്തത് കൊണ്ടാണ് നന്മമരം ചെയ്യേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
"എന്റെ അക്കൗണ്ട് എപ്പോൾ വേണമെങ്കിലും ഓഡിറ്റ് ചെയ്യാം. രോഗികളുടെ അക്കൗണ്ട് വച്ചാണ് പണം കെെമാറുന്നതെന്നും എന്നിട്ടാണ് ബാക്കിയുള്ള സംഖ്യ മറ്റുള്ളവർക്ക് നൽകുന്നത്. നിങ്ങൾ ചെയ്യേണ്ട ജോലി ചെയ്തിരുന്നുവെങ്കിൽ കേരളത്തിലെ ഒരു നന്മമരത്തിന്റേയും ആവശ്യമില്ല. നിങ്ങളെ പോലുള്ള ആളുകളുടെ മുന്നിൽ മുട്ടുമടക്കാൻ തയ്യാറല്ല. മുഹമ്മദ് അഷീൽ ഉന്നയിച്ച ആരോപണം തെളിയിക്കണമെന്നും വീഡിയോയിൽ ഫിറോസ് വ്യക്തമാക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട നന്മമരത്തിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട ഫണ്ടിംഗിനെ കുറിച്ചുമാണ് മുഹമ്മദ് അഷീൽ നേരത്തെ പങ്കുവച്ച ഫേസ്ബുക്ക് വീഡിയോയിലൂടെ ഉന്നയിച്ചത്. "മിലാപ്പ് പോലുള്ള ക്രൗഡ് ഫണ്ടിംഗ് സംവിധാനങ്ങൾ ആൾക്കാരെ സഹായിക്കാനായി പണം പിരിക്കാറുണ്ട്. ഇതിൽ 20 ശതമാനം അവർ എടുക്കുന്നു. ബാക്കി സഹായം അർഹതപ്പെട്ടവർക്ക് കൈമാറുന്നു. അത് അവർ കൃത്യമായി പറയുന്നുണ്ട്. ഇതൊരു ബിസിനസ് സംവിധാനമാണ്. എന്നാൽ, ഇവിടെ നന്മമരത്തിന്റേത് വല്ലാത്തൊരു ആശയമാണ്. പറതാരിക്കാനാകുന്നില്ല. എന്നാൽ സഹിക്കാൻ പറ്റാത്തതുകൊണ്ടാണ് ഇതുപറയുന്നത്".-അദ്ദേഹം വ്യക്തമാക്കി.