crow

പലതരം ഇറച്ചി വിഭവങ്ങൾ കഴിക്കുന്നവരാണ് നമ്മൾ മലയാളികൾ. ചിക്കനും മട്ടനും ബീഫും പോർക്കും തുടങ്ങി ഒട്ടകത്തിന്റെ ഇറച്ചി വരെ നമുക്കിഷ്‌ടമാണ്. എന്നാൽ കാക്കയിറച്ചിയാണെങ്കിലോ? നെറ്റി അൽപം ചുളിഞ്ഞോ? അത്താഴത്തിന് കാക്കയിറച്ചി ജോറാ എന്ന് മൃഗയ സിനിമയിൽ പറഞ്ഞ വാറുണ്ണിയെ നമുക്കറിയാം. എന്നാൽ കാക്കയിറച്ചി ഏറെ ഇഷ്‌ടമുള്ള ഒരു സൂപ്പർതാരം മലയാളസിനിമയിലുണ്ടായിരുന്നു. മലയാള സിനിമയിലെ എണ്ണം പറഞ്ഞ വില്ലനായും നായകനായുമൊക്കെ തിളങ്ങിയ കെ.പി ഉമ്മറായിരുന്നു ആ താരം.

നടൻ രാഘവനാണ് കെ.പി ഉമ്മറിന്റെ 'കാക്ക' സ്നേഹത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വിൻസെന്റ് സംവിധാനം ചെയ്‌ത നഖങ്ങൾ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു ഉമ്മറിന്റെ കാക്ക വേട്ട എന്നും രാഘവൻ പറയുന്നു.

'പീരുമേടിനടുത്തുള്ള ചപ്പാത്ത് എന്ന സ്ഥലത്തായിരുന്നു നഖങ്ങൾ എന്നു പറഞ്ഞ സിനിമയുടെ ഷൂട്ടിംഗ് നടന്നിരുന്നത്. മലയുടെ മുകളിലാണ് ലൊക്കേഷൻ. അതിനടുത്ത് ഒരു എസ്‌റ്റേറ്റ് ബംഗ്ളാവുണ്ട്. അവിടെയൊക്കെയാണ് ഞങ്ങൾക്ക് വിശ്രമിക്കാനുള്ള സ്ഥലം കണ്ടെത്തിയിരുന്നത്. ബംഗ്ളാവിൽ വച്ച് ഒരു രസകരായ കാര്യം നടന്നു. ഉമ്മുക്ക (കെ.പി.ഉമ്മർ) അദ്ദേഹം ഭക്ഷണക്കാര്യത്തിൽ പ്രിയനാണ്. അവിടെ എസ്‌റ്റേറ്റിന്റെ ഉടമസ്ഥന്റെ ഒരു എയർഗണ്ണുണ്ട്. നല്ല കറുത്ത കാക്കകളാണവിടെ. കറുത്ത കാക്ക എന്നു പറഞ്ഞാൽ നമ്മൾ ഇവിടെയൊന്നും കാണുന്ന തരത്തിലുള്ള കാക്കകളല്ല. കുറച്ചു കൂടി വലുതാണ്. ഇതുകണ്ടപ്പോൾ ഉമ്മുക്കയ്‌ക്ക് വലിയ താൽപര്യം. ഈ കാക്കകളെ വെടിവച്ച് വീഴ്‌ത്തി അതിന്റെ ഇറച്ചി തിന്നാൻ. അങ്ങനെ കാക്കയെ വെടിവച്ച് വീഴ്‌ത്തി കറി വച്ചു കഴിക്കുകയും ചെയ്‌തു. ഓരേ സ്ഥലത്തും എന്താണോ സുലഭമായിട്ടുള്ളത് അത് അദ്ദേഹത്തിന് കിട്ടണമെന്ന രസകരമായ പ്രകൃതമായിരുന്നു കെ.പി.ഉമ്മറിന് ഉണ്ടായിരുന്നത്'- രാഘവൻ പറയുന്നു.