editors-pick-

ഇന്നത്തെക്കാലത്ത് മനോഹരമായി ഡിസൈൻ ചെയ്ത വെബ്‌സൈറ്റുകൾ വഴി ഒരു ശരാശരി സർവ്വകലാശാലക്കുപോലും വളരെ മികച്ചത് എന്ന പ്രതീതി നിങ്ങളിലുണ്ടാക്കാൻ സാധിക്കും. ഇവിടെയാണ് നിങ്ങൾ ശ്രദ്ധിക്കേണ്ടത്. അതിനാൽ, നിങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിന്റെ അന്താരാഷ്ട്ര റാങ്കിങ് നിലവാരം അറിയേണ്ടത് ആവശ്യമാണ്. മുൻപ് പറഞ്ഞതുപോലെ സ്വതന്ത്ര റാങ്കിങ് ഏജൻസിയുടെ റാങ്കിങ് നോക്കിയാൽ ഇതറിയാൻ സാധിക്കും. സ്ഥാപനത്തിന്റെ റാങ്കിങ് എത്ര കൂടുതലാണോ അത്രതന്നെ മെച്ചപ്പെട്ട ജോലിസാധ്യതയുമുണ്ടായിരിക്കും. അത്രയൊന്നും നിലവാരമില്ലാത്ത സർവ്വകലാശാലകൾ വികസിതരാജ്യങ്ങളിലുമുണ്ട്. ഇവിടങ്ങളിൽനിന്നും ഒരു കോഴ്സ് പൂർത്തിയാക്കിയാൽ പ്രാദേശികമായിപ്പോലും തൊഴിൽ സാധ്യത ഉറപ്പിക്കാനാവില്ല. ഇന്ത്യയിലെ എഡ്യൂക്കേഷണൽ കൺസൾട്ടന്റുകൾ ഇതേക്കുറിച്ചു പലപ്പോഴും വിദ്യാർത്ഥികൾക്ക് തെറ്റായ ചിത്രങ്ങളും ഉറപ്പും കൊടുക്കുന്നു. ഇതുകേട്ട് വിദേശ വിദ്യാഭ്യാസത്തിൽ നിക്ഷേപിക്കുന്നതിന് മുന്പ് സ്വയം ഈ വസ്തുതകൾ പരിശോധിച്ചറിയണം.

മുമ്പ് സൂചിപ്പിച്ചതുപോലെ ബിരുദതലങ്ങളിൽ, ഒരാൾക്ക് പഠിക്കാൻ നിരവധി സാധ്യതകളുണ്ട്. ഈ ഘട്ടത്തിൽ നിങ്ങൾ ചോദിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യം നിങ്ങൾ പഠിക്കാനുദ്ദേശിക്കുന്ന വിഷയം എത്രത്തോളം അന്താരാഷ്ട്ര പ്രസക്തമാണ് അല്ലെങ്കിൽ അതിന്റെ പോർട്ടബിലിറ്റി എത്രത്തോളമുണ്ട് എന്നതാണ്. ഭൂമിശാസ്ത്രം, സാഹിത്യം, രസതന്ത്രം പോലുള്ള ബിരുദങ്ങൾ ആഗോളതലത്തിൽ പോർട്ടബിൾ ആണെങ്കിലും മറ്റ് പല ഡിഗ്രികളും അങ്ങനെയല്ല. ഉദാഹരണത്തിന്, നിങ്ങൾ ഒരു രാജ്യത്ത് നിന്ന് എടുക്കുന്ന മെഡിക്കൽ ബിരുദവും മറ്റു രാജ്യങ്ങളിൽ നേരിട്ട് സാധുതയുള്ളതല്ല. ഇന്ത്യയിലേക്ക് മെഡിക്കൽ ബിരുദവുമായി എത്തിയാൽ പോലും ഇവിടെ ഡോക്ടർ ആയി പ്രാക്ടീസ് ചെയ്യാൻ കടമ്പകൾ പലതുമുണ്ട്.നിയമ ബിരുദങ്ങൾ, പൈലറ്റ് ട്രെയിനിങ്, അക്കൗണ്ടിംഗ്, അഗ്രിക്കൾച്ചറൽ ക്വാളിഫിക്കേഷൻസ് തുടങ്ങി പല മേഖലകളിലും സമാനമായ വെല്ലുവിളികളുണ്ട്. അതിനാൽ, പഠനത്തിനായി വിദേശത്തേക്ക് പോകാൻ തീരുമാനിക്കുന്നതിന് മുമ്പ് ഡിഗ്രിയുടെ ആഗോള പോർട്ടബിലിറ്റി നിർണ്ണയിക്കേണ്ടത് തികച്ചും പ്രധാനമാണ്.(തുടരും)