1. അയോധ്യ കേസില്‍ അന്തിമ വാദത്തിനിടെ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍. ഹിന്ദു മഹാസഭ നല്‍കിയ രേഖകള്‍ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ കീറിയെറിഞ്ഞു. ഹിന്ദു മഹാസഭയുടെ അഭിഭാഷകന്‍ രാമന്റെ ജന്മഭൂമിക്ക് തെളിവായി നല്‍കിയ മാപ്പുകളും സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ കീറി. ചരിത്ര രേഖകളെന്ന് പറഞ്ഞ് നിലവാരമില്ലാത്ത ഒരു പുസ്തകമാണ് ഉദ്ധരിക്കുന്നത് എന്നും ഇത് അനുവദിക്കരുതെന്നും രാജീവ് ധവാന്‍ പറഞ്ഞു.
2. കേസില്‍ ഇടപെടല്‍ ഹര്‍ജി നല്‍കിയ ഒരു കക്ഷിക്കും വാദിക്കാന്‍ അവസരം നല്‍കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി . അതിനിടെ ആണ് കേസില്‍ അസാധാരണ വഴിത്തിരിവ് ഉണ്ടാകുന്നത്. മുഖ്യകക്ഷികളില്‍ ഒന്നായ യു. പി സുന്നി വഖഫ് ബോര്‍ഡിന്റെ ചെയര്‍മാന്‍ സുഫര്‍ അഹമദ് ഫാറൂഖി കേസില്‍ നിന്ന് പിന്മാറാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കി. മധ്യസ്ഥത സമിതി അംഗം ശ്രീറാം പഞ്ചു വഴിയാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ അപേക്ഷ ചെയര്‍മാന്‍ സ്വന്തം നിലക്ക് നല്‍കിയത് എന്നാണ് വിവരം. നാല്‍പത് ദിവസം നീണ്ടുനിന്ന വാദം കേള്‍ക്കലിന് ശേഷം അയോധ്യ തര്‍ക്കഭൂമി കേസ് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് വിധി പറയാനായി മാറ്റി വച്ചു. നവംബര്‍ 15ന് മുന്‍പ് കോടതി അന്തിമ വിധി പ്രഖ്യാപനം നടത്തും
3.ചമ്രവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെതിരെ എഫ്.ഐ.ആര്‍.രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. അഞ്ച് അപ്രോച്ച് റോഡുകള്‍ക്ക് ടെണ്ടര്‍ വിളിക്കാതെ കരാര്‍ നല്‍കി എന്നാണ് കേസ്. മലപ്പുറം ജില്ലയില്‍ ഭാരതപ്പുഴയുടെ കുറുകെ മേജര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മ്മിച്ച ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അഞ്ച് അപ്രോച്ച് റോഡുകള്‍ക്ക് ടെണ്ടര്‍ വിളിക്കാതെ കരാര്‍ നല്‍കിയത് നേരത്തെ വിവാദം ആയിരുന്നു
4. 35 കോടിയുടെ അഴിമതിയാണ് കേസില്‍ ആരോപിക്കപ്പെടുന്നത്. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം.ഡി കെ.എസ്.രാജു, ചീഫ് എഞ്ചിനീയര്‍ പി.കെ.സതീശന്‍, ജനറല്‍ മാനേജര്‍ ശ്രീനാരായണന്‍, മാനേജിങ് ഡയറക്ടര്‍ പി.ആര്‍ സന്തോഷ് കുമാര്‍, ഫിനാന്‍സ് മാനേജര്‍ ശ്രീകുമാര്‍ ,അണ്ടര്‍ സെക്രട്ടറി എസ്.മാലതി, കരാറുകാരായ പി.ജെ.ജേക്കബ്, വിശ്വനാഥന്‍ വാസു, അരങ്ങത്ത്, കുരീക്കല്‍ ജോസഫ് പോള്‍ എന്നിവര്‍ക്കെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവിലുണ്ട്
5. അളഗപ്പ നഗറില്‍ ഊബര്‍ ടാക്സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ്. രണ്ടാമനായി തിരച്ചില്‍ തുടരുന്നു. കാര്‍ തട്ടിയെടുത്തതിന് പിന്നില്‍ ആലുവ സ്വദേശികള്‍ എന്ന് പൊലീസ്. കാര്‍ തട്ടിയെടുത്ത ശഏഷം പൊളിച്ചു വില്‍ക്കുക ആയിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഊബര്‍ ടാക്സി ആപ്പിലേക്ക് വിളിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ ആണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. സൈബര്‍ സെല്ലിന്റേയും ചാലക്കുടി ഡിവൈ.എസ്.പിയുടേയും സഹായത്തോടെ ആണ് അന്വേഷണം പുരോഗമിക്കുന്നത്
6. മാര്‍ക്ക് ദാന ആരോപണത്തില്‍ കെ.ടി ജലീലിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. വിവാദത്തെ തുടര്‍ന്ന് ജലീലിന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പി.എസ്.സി പരീക്ഷാ ക്രമക്കേട്, എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദം എന്നിവയില്‍ അന്വേഷണം വേണമെന്ന് പ്രതിഷേധക്കാര്‍
7. അതേസമയം, കാലിക്കറ്റ് വാഴ്സിറ്റി 20 മാര്‍ക് വരെ മോഡറേഷന്‍ നല്‍കിയെന്ന് മന്ത്രി കെ.ടി.ജലീല്‍. എംജി വാഴ്സിറ്റിയില്‍ മന്ത്രിയോ ഓഫിസോ ഇടപെട്ടെന്നതിന് ഇതുവരെ തെളിവില്ല. മോഡറേഷന്‍ പതിവ് രീതിയാണ് ആരോപണങ്ങളെ ഭയക്കുന്നില്ല. ഇല്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷനേതാവ് ആരോപിക്കുന്നത്. പ്രതിപക്ഷ നേതാവ് മുമ്പ് നല്‍കിയ പരാതികളും ഗവര്‍ണര്‍ തള്ളിയതാണ്. തനിക്കെതിരെ ഉയര്‍ന്ന മറ്റ് ആരോപണങ്ങള്‍ പോലെ ഇതും ഒരിഞ്ച് മുന്നോട്ട് പോകില്ലെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു
8. കേരള സര്‍വകലാ ശാലയുടെ ഭരണ കാര്യങ്ങളില്‍ മന്ത്രി കെടി ജലീലിന്റെ ഓഫിസ് ഇടപെട്ടതിന്റെ രേഖകളാണ് പുറത്തുവന്നത്. 2019- 20 ലെ പരീക്ഷാ, അക്കാദമിക് കലണ്ടറുകള്‍ സിന്‍ഡിക്കറ്റ് അന്തിമമായി അംഗീകരിക്കും മുമ്പ് മന്ത്രിയുടെ ഓഫിസിന് കാണണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാ ശാലയ്ക്ക് ഇ മെയിലിലൂടെ നിര്‍ദേശം നല്‍കുക ആയിരന്നു. കലണ്ടറുകളുടെ കരട് സര്‍വകലാശാല മന്ത്രിയുടെ ഓഫിസിന് കൈമാറി. മൂല്യ നിര്‍ണയ ക്യംപുകളുടെ തീയതിയില്‍ അടക്കം മന്ത്രിയുടെ ഓഫിസ് മാറ്റങ്ങള്‍ നിര്‍േദശിച്ചു . ഈ മാറ്റം ഉള്‍പെടുത്തി ആണ് സിന്‍ഡിക്കറ്റ് പരീക്ഷാ, അക്കാദമിക് കലണ്ടറുകള്‍ അംഗീകരിച്ചത്
9. ഐ.എന്‍.എക്സ് മീഡിയ കേസില്‍ പി. ചിദംബരത്തിന് പ്രൊഡക്ഷന്‍ വാറണ്ട്. നാളെ മൂന്ന് മണിക്ക് ഹാജരാക്കണം എന്ന് ആവശ്യം. നാളെ ചിദംബരത്തെ കസ്റ്റഡിയില്‍ വേണം എന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്രേ്ടറ്റും ആവശ്യപ്പെടും. കേസുമായി ബന്ധപ്പെട്ട് പി. ചിദംബരത്തെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്രേ്ടറ്റ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. തീഹാര്‍ ജയിലില്‍ 2 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ആയിരുന്നു നടപടി
10. ആഗസ്റ്റ് 21 ന് അഴിമതി കേസില്‍ സി.ബി.ഐ കസ്റ്റഡിയില്‍ എടുത്ത പി . ചിദംബരം സെപ്റ്റംബര്‍ അഞ്ചാം തീയതി മുതല്‍ തീഹാറിലെ ഏഴാം നമ്പര്‍ മുറിയില്‍ ആണ് ഉള്ളത്. ഐ.എന്‍.എക്സ് മീഡിയ മധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശ ഫണ്ട് സ്വീകരിക്കാന്‍ വഴി ഒരുക്കിയതിന് പ്രതിഫലമായി പി.ചിദംബരത്തിന് കോഴപ്പണവും പദവിയും ലഭിച്ചു എന്നാണ് ആരോപണം. അഴിമതി ആരോപിക്കപെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യ യു.പി.എ സര്‍ക്കാരില്‍ ചിദംബരം ധനമന്ത്രി ആയിരുന്നു. ഈ ഇടപാട് നടക്കാന്‍ വേണ്ടി വഴിവിട്ട സഹായം നല്‍കുകയും ധന വകുപ്പില്‍ നിന്ന് ക്ലിയറന്‍സ് നല്‍കിയത് ചിദംബരം ആണെന്നും ആണ് കേസ്