sabarimala women entry

ശബരിമല: തുലാമാസ പൂജകൾക്കായി ശ്രീധർമ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകിട്ട് 5 ന് തുറക്കും.. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും.തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും നട തുറക്കും. ഇന്ന് പൂജകളില്ല. തുലാം ഒന്നായ നാളെ രാവിലെ 5 ന് നട തുറന്ന് നിർമ്മാല്യവും അഭിഷേകവും നടത്തും. തുടർന്ന് നെയ്യഭിഷേകവും പതിവ് പൂജകളും ഉണ്ടാകും.22ന് രാത്രി 10 ന് നട അടയ്ക്കും. പൂജാവിധികൾ നേരിട്ട് മനസിലാക്കുന്നതിനും ഒരു മാസം അയ്യപ്പ സന്നിധിയിൽ ഭജനമിരിക്കാനുമായി ശബരിമലയിലെ നിയുക്ത മേൽശാന്തി തിരൂർ തിരുവായ അരീക്കരമനയിൽ എം.കെ. സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി ആലുവ പുളിയനം പാറക്കടവ് മടവന മനയിൽ എം.എസ്. പരമേശ്വരൻ നമ്പൂതിരിയും ഇരുമുടുക്കെട്ടുമായി ഇന്ന് മല കയറും. ആദ്യമായാണ് ഇൗ ചടങ്ങ്. നേരത്തെ മണ്ഡലകാലത്ത് നടതുറക്കുമ്പോഴാണ് നിയുക്ത മേൽശാന്തിമാർ എത്തിയിരുന്നത്. നവംബർ 16ന് രാത്രിയിൽ ഇവരുടെ അവരോധന ചടങ്ങ് നടക്കും.