kim

സോൾ: മഞ്ഞുമൂടിയ മലനിരകൾക്ക് നടുവിൽ തൂവെള്ള കുതിരപ്പുറത്തേറി പുഞ്ചിരിക്കുന്ന ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. 'കൊറിയൻ വിപ്ലവ ചരിത്രത്തിലെ' പ്രധാനപ്പെട്ട യാത്രയാണിതെന്ന് രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസിയുടെ (കെ.സി.എൻ.എ) വിശേഷണം. ഉത്തരകൊറിയൻ ജനത പവിത്രമായി കരുതുന്ന ബെക്ടു മലനിരകളിലേക്കുള്ള ഉന്നിന്റെ 'അസാധാരണ' സന്ദർശനം രാജ്യം യുദ്ധം പ്രഖ്യാപിക്കുന്നതിന് മുന്നോടിയാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നു.

കൊറിയൻ സാമ്രാജ്യ സ്ഥാപകൻ ഡാൻഗുനിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് മൗണ്ട് ബെക്ടുവിലാണ്. രാജ്യത്തിന്റെ ഭാവി സംബന്ധിച്ച നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനു തൊട്ടുമുമ്പ് ഉത്തര കൊറിയൻ ഭരണാധികാരികൾ ഇവിടെ സന്ദർശിക്കാറുണ്ട്.

കൊറിയൻ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള തീരുമാനമാണ് കിമ്മിന്റെ ഈ യാത്രയിലുണ്ടായിരിക്കുന്നതെന്നാണ് കെ.സി.എൻ.എ റിപ്പോർട്ട്. 'ലോകത്തെ അദ്ഭുതപ്പെടുത്തുന്ന ഒരു 'വലിയ ഓപ്പറേഷൻ' വീണ്ടും ഉണ്ടാകും. കൊറിയയെ ഒരു പടി മുന്നോട്ടു നയിക്കുന്ന നീക്കമായിരിക്കും അത്.'

ഉത്തരകൊറിയയുടെ പല സുപ്രധാന നയപ്രഖ്യാപനങ്ങൾക്ക് മുൻപും ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന് മുൻപും കിം ജോങ് ഉൻ ബെക്ടുവിലേക്ക് യാത്രചെയ്തിരുന്നു. കഴിഞ്ഞവർഷം ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നുമായി നടത്തിയ ഉച്ചകോടിയുടെ ഭാഗമായി അദ്ദേഹത്തിനൊപ്പവും ഈ മലനിരകളിലെത്തി. ഇതെല്ലാം കണക്കിലെടുത്താണ് ഉത്തര കൊറിയയുടെ പുതിയ ഓപ്പറേഷന്റെ സൂചനയാണ് കിമ്മിന്റെ യാത്രയെന്ന് വിലയിരുത്തുന്നത്.

ഉത്തര കൊറിയ ഉടനേ ബഹിരാകാശ ദൗത്യം ആരംഭിച്ചേക്കുമെന്നും അതല്ല, സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനമുണ്ടായേക്കുമെന്നും വ്യാഖ്യാനങ്ങളുണ്ട്.