bjp-leader

അലഹാബാദ്: ബി.ജെ.പിയുടെ വാട്സപ്പ് ഗ്രൂപ്പിൽ അശ്ലീല വിഡിയോകൾ പങ്കുവച്ചതായി ആരോപണം. അലഹാബാദിലെ നറോദ യൂണിറ്റ് സെക്രട്ടറി ഗൗതം പട്ടേൽ ആണ് എഴുപതോളം അശ്ലീല വിഡിയോകൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. പാർട്ടി വനിത പ്രവർത്തരടക്കം നിരവധി പേരാണ് ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ഗ്രൂപ്പിൽ 70 അശ്ലീല വിഡിയോകൾ പങ്കുവച്ചത് പാർട്ടിയെ നാണക്കേടിലാക്കി. വിഡിയോകൾ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പ്രവർത്തകർ ഗ്രൂപ്പ് വിട്ടുപോകുകയും ചെയ്തു.

സംഭവം ജില്ലയിലെ ബി.ജെ.പി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അവർ നടപടി എടുക്കുമെന്നും പാർട്ടി പ്രവർത്തകർ പറഞ്ഞു. ഇരുപതോളം വനിതാ കൗൺസിലർമാരുൾപ്പെടെ ഉള്ളവരാണ് ഗ്രൂപ്പ് വിട്ടുപോയത്. എന്നാൽ വീഡിയോ പങ്കുവച്ചത് താനല്ലെന്നാണ് ഗൗതം പട്ടേൽ പറയുന്നത്. തന്റെ ഫോൺ കളഞ്ഞു പോയെന്നും മറ്റാരോ ആണ് വിഡിയോകൾ പോസ്റ്റ് ചെയ്തതെന്നുമാണ് പട്ടേലിന്റെ വിശദീകരണം. താൻ സ്ഥിരമായി ഉപയോഗിക്കുന്ന നമ്പറിൽ നിന്നല്ല വിഡിയോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.