ന്യൂയോർക്ക്: യഥാസ്ഥിതികതയെ അടിമുടി പരിഷ്‌കരിക്കുന്നതിൽ അഭിരമിച്ച വിഖ്യാത അമേരിക്കൻ എഴുത്തുകാരനും ഇതിഹാസതുല്യനായ സാഹിത്യ നിരൂപകനുമായ ഹരോൾഡ് ബ്ളൂം (89) ന്യൂഹാവനിലെ ആശുപത്രിയിൽ അന്തരിച്ചു. 'വെസ്റ്റേൺ കാനോൺ' എന്നറിയപ്പെടുന്ന, പാശ്ചാത്യ സാഹിത്യത്തിലെ ക്ലാസിക് കൃതികളുടെ സഞ്ചയത്തിന്റെ വക്താവായിരുന്നു. ലോകത്ത് ഏറ്റവുമധികം വായനക്കാരെ സ്വാധീനിച്ച, ബെസ്റ്റ് സെല്ലറുകളിലൊന്നായ, കോളേജ് പാഠ്യപദ്ധതിയിലുൾപ്പടെ ഇടം പിടിച്ച 'ദ വെസ്റ്റേൺ കാനോൺ: ദ ബുക്ക് ആൻഡ് സ്‌കൂൾ ഓഫ് ദ ഏജസ് ' എന്ന കൃതിയുടെ രചയിതാവാണ് അദ്ദേഹം. ഷേക്സ്പിയർ, ഡാന്റെ, മിൽട്ടൻ, വിർജീനിയ വൂൾഫ് തുടങ്ങി പാശ്ചാത്യ സാഹിത്യത്തിലെ 26 എഴുത്തുകാരെക്കുറിച്ചുള്ള നിരൂപക ഗ്രന്ഥമാണിത്. യേൽ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പുവരെ അവിടെ ക്ലാസെടുത്തിരുന്നു.
അമേരിക്കയിലെ 'ഏറ്റവും കുപ്രസിദ്ധനായ സാഹിത്യ വിമർശകൻ' എന്നറിയപ്പെട്ടിരുന്ന ബ്ളൂം കൈയിൽ കിട്ടുന്നതെന്തും വായിക്കുന്ന കൂട്ടത്തിലായിരുന്നു. വായനയുടെ ആഴവും പരപ്പും വെളിപ്പെടുത്തുന്ന
'ഹൗ ടു റീഡ് ആൻഡ് വൈ' എന്ന അദ്ദേഹത്തിന്റെ പുസ്തകം വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഒരുപോലെ സ്വാധീനിച്ചിരുന്നു. അഗാധപണ്ഡിതനായി ലോകം ആദരിച്ച ബ്ളൂം, ഷേക്‌സ്‌പിയറും ചാസറും കാഫ്‌കയും ഉൾപ്പെടെ പാശ്ചാത്യ സാഹിത്യത്തിലെ മഹാമേരുക്കളുടെ ആരാധകനായിരുന്നു. ഷേക്സ്പിയറെ ദൈവമെന്ന് വിശേഷിപ്പിച്ചിരുന്ന ബ്ളൂം ' ഷേക്സ്പിയർ : ദ ഇൻവെൻഷൻ ഓഫ് ഹ്യൂമൻ', ദ ആങ്സൈറ്റി ഓഫ് ഇൻഫ്ളൂവൻസ്, ദ ഫ്ലൈറ്റ് ടു ലൂസിഫർ തുടങ്ങി നിരവധി കൃതികൾ രചിച്ചു. ജെന്നി ബ്ളൂമാണ് ഭാര്യ, ഡാനിയേൽ, ഡേവിഡ് എന്നിവർ മക്കളാണ്.