ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെ മൂല്യം രണ്ടുവർഷത്തിനകം 20,000 കോടി ഡോളർ (ഏകദേശം 14.27 ലക്ഷം കോടി രൂപ) കടക്കുമെന്നും ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി അത് മാറുമെന്നും ബാങ്ക് ഒഫ് അമേരിക്ക മെറിൽ ലിഞ്ച് അഭിപ്രായപ്പെട്ടു. പുതിയ ഇ-കൊമേഴ്‌സ് സംരംഭവും ബ്രോഡ്ബാൻഡ് ബിസിനസുമാണ് റിലയൻസിന് നേട്ടമാകുക.
നിലവിൽ 12,200 കോടി ഡോളറാണ് (8.70 ലക്ഷം കോടി രൂപ), മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ മൂല്യം. മൊബൈൽ പോയിന്റ് ഒഫ് സെയിൽ (എം.പി.ഒ.എസ്) ആശയവുമായി അസംഘടിത മേഖലയിലെ കിരണ സ്‌റ്റോറുകളെ ബന്ധിപ്പിച്ച് തുടക്കമിടുന്ന ഇ-കൊമേഴ്‌സ് സംരംഭം, മൈക്രോസോഫ്‌റ്റുമായി ചേർന്നുള്ള എസ്.എം.ഇ സംരംഭം, ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ്, ഡിജിറ്റൽ അഡ്വർടൈസിംഗ് തുടങ്ങിയവ റിലയൻസിന്റെ മൂല്യക്കുതിപ്പിന് സഹായകമാകും.
ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോകെമിക്കൽ കമ്പനിയും രണ്ടാമത്തെ വലിയ എണ്ണ സംസ്‌കരണ കമ്പനിയുമാണ് റിലയൻസ് ഇൻഡസ്‌ട്രീസ്. റിലയൻസിന്റെ ടെലികോം വിഭാഗമായ ജിയോ, വെറും മൂന്നുവർഷം കൊണ്ടാണ് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നു കമ്പനികളിൽ ഒന്നായി മാറിയത്.