തുറവൂർ: ഈഴവരാദി പിന്നാക്കക്കാരെ പൂജാരിമാരായി ദേവസ്വം ബോർഡിൽ നിയമിച്ചലൂടെ ശ്രീനാരായണ ഗുരുവിന്റെ സന്ദേശമാണ് പിണറായി സർക്കാർ നടപ്പാക്കിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു സി.പുളിക്കലിന്റെ തിരഞ്ഞെടുപ്പ് സമ്മേളനം കുത്തിയതോട് കെ.പി കവലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൽ.ഡി.എഫിന് സംവരണത്തെ സംബന്ധിച്ച് വ്യക്തമായ നയമുള്ളതുകൊണ്ടാണ് ദേവസ്വം നിയമനങ്ങളിൽ സംവരണം നടപ്പാക്കിയത്. ഒപ്പം മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ദേവസ്വം ബോർഡിൽ സംവരണം ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാന ഗവൺമെന്റ് കേരളത്തിലേതാണ്. എൽ.ഡി.എഫ് ഒരു വിശ്വാസത്തിനും എതിരല്ല. കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്ന സമയങ്ങളിൽ ഏതെങ്കിലും ഒരു ആരാധനാലയമെങ്കിലും തകർന്നോ? ആരുടെയും വിശ്വാസത്തിന് ഒരു പോറൽ പോലും ഏൽപ്പിച്ചിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വാസികൾ വരുന്നത് തടയാൻ പണ്ടു മുതൽ നടത്തുന്ന പ്രചാരണ വേലയാണിത്. ശബരിമല ദർശനത്തിന് പോകുന്നവരിൽ ഭൂരിപക്ഷം പേരും ഇടതുപക്ഷക്കാരാണ്. കൂടത്തായി കൊലപാതക കേസിലെ കൊടും ക്രിമിനലിനെ പിടികൂടി ജയിലിൽ അടച്ചത് കേരള പൊലീസിന്റെ നേട്ടമാണ്. കേസിലെ പ്രതികളെ പിടികൂടിയത് ഇഷ്ടപ്പെടാത്ത ഒരു പാർട്ടി കേരളത്തിലുള്ളത് കോൺഗ്രസ് ആണ്. കൊലപാതക സംഘത്തിന് രക്ഷാകവചം ഒരുക്കിക്കൊടുക്കുന്ന ഒരു മുന്നണിയായി കേരളത്തിലെ പ്രതിപക്ഷം മാറിയെന്നും കോടിയേരി പരിഹസിച്ചു. പി.സി. ജോയി അദ്ധ്യക്ഷത വഹിച്ചു.