pak

പാരീസ്: ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായം ലഭിക്കുന്നത് തടയാനും നിരീക്ഷിക്കാനുമായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) 2020 ഫെബ്രുവരി വരെ പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ നിലനിറുത്തി. എഫ്.എ.ടി.എഫ് നിർദ്ദേശിച്ച ഭീകരവിരുദ്ധനടപടികൾക്ക് പുറമെ,​ അധിക മാനദണ്ഡങ്ങൾ കൂടി സമയബന്ധിതമായി നടപ്പാക്കണമെന്ന് നിർദ്ദേശിച്ചാണിത്. പാരീസിൽ നടന്ന യോഗത്തിലാണ് തീരുമാനം.

ഭീകര സംഘടനകൾക്ക് പണം നൽകുന്നത്,​ കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി ഭീകരർക്കെതിരെ സ്വീകരിക്കുന്ന നടപടി സംബന്ധിച്ച് പാകിസ്ഥാൻ സമർപ്പിച്ച 450 പേജുള്ള രേഖകൾ യോഗം വിലയിരുത്തി. ഇതിനുശേഷമാണ് അധിക മാനദണ്ഡങ്ങൾകൂടി നിർദ്ദേശിച്ച് സമയപരിധി നീട്ടി നൽകിയത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. നേരത്തേ നൽകിയ 27 ഇന നിർദ്ദേശങ്ങളിൽ 20 എണ്ണം ഫലപ്രദമായി നടപ്പാക്കിയതായി പാക് വിദേശകാര്യമന്ത്രി ഹമദ് അസ്ഹർ യോഗത്തിൽ വിശദീകരിച്ചിരുന്നു. ചൈന,​ തുർക്കി,​ മലേഷ്യ എന്നീ രാജ്യങ്ങൾ പാകിസ്ഥാൻ സ്വീകരിച്ച ഭീകരവിരുദ്ധ നടപടികളെ അഭിനന്ദിച്ചു. ഇവരുടെ പിന്തുണയാണ് കരിമ്പട്ടികയിൽപ്പെടുന്നതിൽ നിന്നു പാകിസ്ഥാനെ തുണച്ചത്. എന്നാൽ ഭീകരൻ ഹാഫിസ് സയ്യിദിന് മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്നു പണമെടുക്കാൻ അനുവദിച്ചത് ചൂണ്ടിക്കാട്ടി ഇന്ത്യ പാകിസ്ഥാനെ കരിമ്പട്ടികയിൽപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിരുന്നു.

205 രാജ്യങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

ലഷ്കറെ തയ്‌ബ, ഫലാഹി ഇൻസാനിയത് ഫൗണ്ടേഷൻ തുടങ്ങിയ ഭീകരസംഘടനകൾക്കുള്ള സാമ്പത്തിക സഹായം തടയുന്നതിലും നടപടിയെടുക്കുന്നതിലും പരാജയപ്പെട്ടതിന് 2018 ജൂണിലും പാകിസ്ഥാനെ ‘ഗ്രേ’ പട്ടികയിൽപ്പെടുത്തിയിരുന്നു.