gulf-news-

ദുബായ് : അബുദാബി അന്താരാഷ്ട്ര വിമാനത്താവളം ഒഴിവുകാല ഓഫറിന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പിൽ 10 ലക്ഷം ദിർഹം (രണ്ടുകോടിയോളം രൂപ)​ സമ്മാനം നേടി മലയാളി യുവാവ്. ‘ഫീൽ ഗുഡ്, ഫ്ലൈ അബുദാബി’ ലക്കി ഡ്രോയിലാണു മലപ്പുറം വേങ്ങര സ്വദേശിയായ അഫ്‌സൽ ചെമ്പൻ കോടിപതിയായത്.

ജൂൺ മുതൽ ഓഗസ്റ്റ് വരെ അബുദാബി വിമാനത്താവളം വഴി സഞ്ചരിച്ചവരിൽ നിന്നാണ് ഭാഗ്യശാലിയെ കണ്ടെത്തിയത്. അബുദാബി എയർപോർട്ട് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ബ്രയാൻ തോംപ്‌സണിൽനിന്ന് അഫ്‌സൽ സമ്മാനത്തുകയ്ക്കുള്ള ചെക്ക് ഏറ്റുവാങ്ങി.

10 ലക്ഷം ദിർഹം നല്‍കി, തങ്ങളുടെ യാത്രക്കാരിൽ ഒരാളുടെ ജീവിതം മാറ്റുന്നതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ബ്രയാൻ തോംപ്‌സൺ പറഞ്ഞു. അബുദാബി എയർപോര്‍ട്ട് വഴി യാത്ര ചെയ്തതിന് അദ്ദേഹം അഫ്‌സലിനു നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.