കൊല്ലം: അടിസ്ഥാന ജനതയുടെ സാമൂഹിക സുരക്ഷിതത്വത്തിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മന്ത്റി എ.കെ ബാലൻ പറഞ്ഞു. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം സംസ്ഥാനതല സമാപന സമ്മേളനം സി.കേശവൻ സ്മാരക ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി.
പട്ടികജാതി പീഡന നിരോധന നിയമത്തെ ലഘൂകരിച്ച് സുപ്രീംകോടതി വിധി വന്നപ്പോൾ അതിനെതിരെ രാജ്യത്ത് ആദ്യമായി മുന്നോട്ട് വന്നത് കേരളമാണ്. കേന്ദ്രമന്ത്റിയെ കണ്ട് പീഡന നിരോധന നിയമം പുന:സ്ഥാപിക്കാൻ ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചു എന്നത് ചരിത്രമാണ്. തൊഴിൽ രഹിതരായ പട്ടികവിഭാഗ യുവാക്കൾക്ക് വിദേശ തൊഴിൽ ലഭ്യമാക്കാൻ സർക്കാർ നടപ്പാക്കുന്ന പദ്ധതികളും രാജ്യത്ത് ആദ്യസംരംഭമാണ്. 250 ൽപരം യുവതീയുവാക്കൾക്ക് വിദേശത്ത് ജോലിനേടിക്കൊടുക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. ഇവർക്കായി സ്‌കിൽ ട്രെയിനിംഗ് സെന്ററുകൾ തുടങ്ങുകയും വിദേശ യാത്രയ്ക്കാവശ്യമായ എല്ലാ സാങ്കേതിക സഹായങ്ങളും ഒരുക്കാൻ സാധിച്ചത് വകുപ്പിന്റെ ശ്രദ്ധേയമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

എം നൗഷാദ് എം.എൽ എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ഡോ പി. പുകഴേന്തി, പട്ടികജാതി വകുപ്പ് ഡയറക്ടർ പി.ഐ ശ്രീവിദ്യ, സംസ്ഥാന പട്ടികജാതി ഉപദേശക സമിതി അംഗം കോവൂർ മോഹൻ, ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ വൈ. ബിപിൻദാസ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ ഇ.എസ് അംബിക തുടങ്ങിയവർ സംസാരിച്ചു.