കൊല്ലം: കെ.പി.എം.എസ് തെക്കൻ മേഖലാ കൗൺസിൽ യോഗം 20ന് കൊല്ലം ടി.എം.വർഗീസ് സ്‌മാരക ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കൗൺസിൽ അംഗങ്ങൾ പങ്കെടുക്കും. പട്ടിക വിഭാഗങ്ങളുടെ വിഷയങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമന്യെ കെ.പി.എം.എസ് ഇടപെടും. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ പട്ടികജാതി പ്രാതിനിധ്യം ഉറപ്പാക്കുക, പി.എസ്.സിയിലെ സംവരണ അട്ടിമറി തടയുക, സർക്കാരിന് സമർപ്പിച്ച അവകാശ പത്രിക അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ ഒന്നിന് സംസ്ഥാനത്തെ എല്ലാ താലൂക്ക് ഓഫിസുകളിലേക്കും മാർച്ചും ധർണയും നടത്തും. ഡിസംബർ മുതൽ ഒരു വർഷം നീളുന്ന കനകജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപക നേതാവ് പി.കെ. ചാത്തൻ മാസ്റ്ററുടെ വെങ്കല പ്രതിമ തൃശൂർ മാപ്രാണത്ത് സ്ഥാപിക്കും. വിദ്യാർത്ഥികൾക്കു വേണ്ടി 1000 കേന്ദ്രങ്ങളിൽ മഹാത്മ സ്റ്റഡി സെന്റർ തുറക്കും. അയ്യങ്കാളി മൈക്രോ ഫിനാൻസ് യൂണിറ്റുകളും കുടുംബ യൂണിറ്റുകളും രൂപീകരിക്കും. ഉപതിരഞ്ഞെടുപ്പുകളിൽ പട്ടികജാതി, വനിതാ പ്രാധിനിത്യം ഉറപ്പാക്കണമെന്ന ആവശ്യം മുന്നണികളും നവോത്ഥാന കമ്മിറ്റിയും മുഖവിലക്കെടുത്തില്ല. കെ.പി.എം.എസിന്റെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അംഗത്വമുള്ളവർ ഇല്ലെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കൈതക്കോട് ശശിധരൻ, രാജു തിരുമുല്ലവാരം, ജില്ല സെക്രട്ടറി ഉഷാലയം ശിവരാജൻ, വിജയൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.