റിപ്പോർട്ട് 10 ദിവസത്തിനകം
കോഴിക്കോട്: കൂടത്തായി കൊലക്കേസുകളിലെ മുഖ്യപ്രതി ജോളിയ്ക്ക് വ്യാജ ഒസ്യത്ത് ചമയ്ക്കാൻ റവന്യു വകുപ്പിലെ ചിലർ ഒത്താശ ചെയ്തുവെന്ന ആരോപണത്തിൽ അന്വേഷണം തുടങ്ങിയ കോഴിക്കോട് എൽ.ആർ ഡെപ്യൂട്ടി കളക്ടർ സി. ബിജുവിന്റെ തെളിവെടുപ്പ് ഇന്നലെ പൂർത്തിയായി. പത്ത് ദിവസത്തിനകം ഇദ്ദേഹം കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.
നേരത്തെ താമരശ്ശേരി ഡെപ്യൂട്ടി തഹസിൽദാറായിരുന്ന ജയശ്രീയെയും അന്നത്തെ കൂടത്തായി വില്ലേജ് ഓഫീസർ കിഷോർ ഖാനെയും ഒരുമിച്ചിരുത്തി ഇന്നലെ വീണ്ടും തെളിവെടുത്തു. ഇരുവരുടെയും മൊഴി പരസ്പരവിരുദ്ധമാണെന്നു കണ്ടതോടെ ഒരുമിച്ച് മൊഴിയെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ജില്ലാ കളക്ടറുടെ മുമ്പാകെയും ഇവരെ എത്തിച്ചിരുന്നു.
ജയശ്രീയുടെ നിർബന്ധം കാരണം ജോളിയിൽ നിന്ന് നികുതി സ്വീകരിച്ചതാണെന്നായിരുന്നു കിഷോർ ഖാൻറെ മൊഴി. ഇത് ശരിയാണെന്ന് വ്യക്തമായിട്ടുണ്ട്. ജയശ്രീ ഇപ്പോൾ കോഴിക്കോട് ലാന്റ് റിഫോംസ് തഹസിൽദാറും കിഷോർഖാൻ കാസർകോട് ഡെപ്യൂട്ടി തഹസിൽദാറുമാണ്.
ഇന്നലെ ഓമശേരി പഞ്ചാത്ത് മുൻ സെക്രട്ടറി ലാവു, സെക്‌ഷൻ ക്ളാർക്ക് ഷറഫുദ്ദീൻ എന്നിവരിൽ നിന്നു കൂടി ഡെപ്യൂട്ടി കളക്ടർ മൊഴി എടുത്തു. ജോളിയ്ക്ക് ഉടമസ്ഥാവകാശരേഖ നൽകിയത് സംബന്ധിച്ച് വ്യക്തത വരുത്താനായിരുന്നു ഇത്.