കൊച്ചി: സംസ്ഥാനത്തെ യത്തീംഖാനകളിലേക്ക് ഉത്തരേന്ത്യയിൽ നിന്ന് കുട്ടികളെ എത്തിച്ചത് കുട്ടിക്കടത്തല്ലെന്ന് സി.ബി.ഐയുടെ റിപ്പോർട്ട്. സൗജന്യ വിദ്യാഭ്യാസത്തിനായാണ് കുട്ടികളെ കേരളത്തിലെത്തിച്ചതെന്ന് സി.ബി.ഐ. ഇക്കാര്യം ചൂണ്ടിക്കാട്ടി സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തെറ്റായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തതെന്നും കുട്ടികടത്തിന് തെളിവുകളുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ ഡൽഹി യൂണിറ്റ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് റിപ്പോർട്ട് സമർപ്പിച്ചത്.
2014 ൽ ബിഹാർ, ബംഗാൾ, ജാർഖണ്ഡ്, എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കോഴിക്കോട് മുക്കം, വെട്ടത്തൂർ എന്നിവിടങ്ങളിലെ യത്തീംഖാനകളിലേക്ക് കുട്ടികളെ കടത്തി എന്നായിരുന്നു പരാതി. 455 കുട്ടികളെ ഉത്തരേന്ത്യയിൽ നിന്ന് നിയമവിരുദ്ധമായി കടത്തികൊണ്ടു വന്നുവെന്ന് പാലക്കാട് ചൈൽഡ് വെൽഫയർ കമ്മിറ്റിയാണ് പരാതി നൽകിയിരുന്നത്. ഈ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സി.ബി.ഐയുടെ കണ്ടെത്തൽ.
സൗജന്യ വിദ്യാഭ്യാസത്തിന് കുട്ടികൾ വന്നത് കുട്ടിക്കടത്തായി ചിത്രീകരിക്കപ്പെട്ടതാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. കുട്ടികൾക്ക് സൗജന്യ ഭക്ഷണവും വസ്ത്രങ്ങളും പഠനോപകരണങ്ങളും അടക്കമുള്ള സൗകര്യങ്ങൾ യത്തീംഖാന നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. യത്തീംഖാനകളിൽ കുട്ടികളെ ദുരുപയോഗം ചെയ്യുകയോ പീഢിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ബിഹാർ സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.