തൃശൂർ: കയ്‌പമംഗലത്തെ പെട്രോൾ പമ്പ് ഉടമ മനോഹരനെ കൊലപ്പെടുത്തിയ മൂന്ന് പേരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. കയ്‌പമംഗലം സ്വദേശികളായ അനസ്, അൻസാർ, സിയോൺ എന്നിവരാണ് പിടിയിലായത്. കൊലപാതകത്തിന് പിന്നിൽ മോഷണ ശ്രമമാണെന്നാണ് പൊലീസ് പറയുന്നത്. പമ്പിലെ കളക്ഷൻ തുക തട്ടിയെടുക്കായിരുന്നു പ്രതികളുടെ ശ്രമം. ഇതിന് വേണ്ടി ഇവർ ദിവസങ്ങൾക്ക് മുന്നെ ആസൂത്രണം നടത്തിയിരുന്നു.
മനോഹരന്റെ കാറിന് പിന്നാലെയെത്തിയ പ്രതികൾ കാറിലിടിച്ച് അപകട നാടകം സൃഷ്ടിച്ചു. കാറിൽ നിന്ന് ഇറങ്ങിയ മനോഹരനെ തോക്കു ചൂണ്ടി ബന്ദിയാക്കി. പണം കിട്ടാത്ത ദേഷ്യത്തിന് ശ്വാസംമുട്ടിച്ച് കൊന്നുവെന്ന് ഡി.ഐ.ജി എസ്. സുരേന്ദ്രൻ പറഞ്ഞു.പിന്നാലെ ഇരുകൈയുകളും കെട്ടിയിട്ട ശേഷം വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു. പണം ചോദിച്ചപ്പോൾ കൈയിലില്ലെന്ന് പല തവണ പറഞ്ഞെങ്കിലും ഇയാളെ വിട്ടയക്കാൻ ഇവർ തയ്യാറായില്ല. തന്റെ കൈവശം ആകെ 200 രൂപ ഉള്ളൂ എന്ന മനോഹരന്റെ മറുപടി ഇവർ കേട്ടില്ല.
മനോഹരൻ ഉറക്കെ നിലവിളിക്കാൻ ആഞ്ഞു. അപ്പോഴാണ്, വായും മൂക്കും പൊത്തിപ്പിടിച്ചു. കുറേ നേരം വാ പൊത്തിപ്പിടിച്ചപ്പോൾ മനോഹരന്റെ ദേഹം അനങ്ങാതായി. മരിച്ചെന്നുറപ്പായതോടെ ആളില്ലാത്ത സ്ഥലത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പമ്പിൽ നിന്നിറങ്ങി മുക്കാൽ മണിക്കൂറിനകം മനോഹരൻ കൊല്ലപ്പെട്ടിരുന്നു. മകൾലക്ഷ്മി മനോഹരന്റെ ഫോണിലേക്ക് വിളിച്ചപ്പോൾ ഫോണെടുത്തത് അനസായിരുന്നു. പമ്പിലെ ജീവനക്കാരന്‍ പറയുന്ന പോലെ, സാർ ഉറങ്ങുകയാണെന്ന് പറഞ്ഞു. മനോഹരന്റെ കയ്യിലെ ആഭരണങ്ങൾ നഷ്ടപ്പെട്ടില്ലെന്നും പൊലീസ് പറഞ്ഞു. മോഷണത്തിന് ശേഷം പണവുമായി നാടുവിടാനാണ് പ്ലാൻ ചെയ്തിരുന്നത്.
ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. മനോഹരനെ ശരീരത്തിൽ ബലപ്രയോഗം നടത്തിയതിന്റെ പാടുകളുണ്ട്. ആന്തരികാവയവങ്ങൾക്കും മുറിവേറ്റതായി കണ്ടെത്തിയിട്ടുണ്ട്. ഗുരുവായൂർ മമ്മിയൂരിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മനോഹരൻ ഉപയോഗിച്ച കാറ് അങ്ങാടിപ്പുറത്തുനിന്നുമാണ് കണ്ടെടുത്തത്.