ന്യൂഡൽഹി : ഇന്ത്യൻ വനിതാ ബോക്സിംഗിൽ തമ്മിലടി തീരുന്നില്ല. അടുത്തകൊല്ലം നടക്കുന്ന ഒളിമ്പിക്സിനുള്ള അവസരം തേടി വെറ്ററൻ താരം എം.സി മേരികോമും യുവതാരം നിഖാത് സരിനുമാണ് പോരടിക്കുന്നത്. 51 കി.ഗ്രാം വിഭാഗം താരങ്ങളാണ് ഇരുവരും.
ഇക്കഴിഞ്ഞ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 51 കി.ഗ്രാമിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് മേരികോമാണ്. ദേശീയ ചാമ്പ്യനായിരുന്നിട്ടും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിട്ടും നിഖാതിനെ മാറ്റി നിറുത്തിയാണ് പരിചയ സമ്പന്നയായ മേരികോമിന് ലോക ചാമ്പ്യൻഷിപ്പിൽ അവസരം നൽകിയത്. മേരികോം ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടുകയും ചെയ്തു.
ഇതോടെ 2020 ഫെബ്രുവരിയിൽ ചൈനയിൽ നടക്കുന്ന ഒളിമ്പിക് യോഗ്യതാ ടൂർണമെന്റിൽ 51 കി.ഗ്രാം വിഭാഗത്തിൽ മേരികോം മത്സരിക്കുമെന്നും അതിനായി സെലക്ഷൻ ട്രയൽസ് നടത്തില്ലെന്നും ബോക്സിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ അറിയിച്ചു. ഇതിനെതിരെയാണ് നിഖാത്ത് രംഗത്തുവന്നിരിക്കുന്നത്.
മേരികോമിന് വേണ്ടി തന്റെ അവസരങ്ങൾ ഇല്ലാതാക്കുകയാണെന്നാണ് നിഖാതിന്റെ വാദം. സെലക്ഷൻ ട്രയൽസ് നടത്തണമെന്ന ആവശ്യവുമായി കേന്ദ്ര കായികമന്ത്രി കിരൺ റിജിജുവിനെ സമീപിക്കാനൊരുങ്ങുകയാണ് നിഖാത്ത്.