തിരുവനന്തപുരം: പുരാതനമായ പേട്ട റെയിൽവേ സ്റ്റേഷനോട് ചേർന്ന് സ്ഥിതിചെയ്യുന്ന റെയിൽവേ ആശുപത്രിയെ ചുറ്റിപ്പറ്റി എന്തുമാത്രം സ്വപ്നങ്ങളാണ് റെയിൽവേ ജീവനക്കാരും പെൻഷൻകാരും നെയ്തുകൂട്ടിയത്. ആശുപത്രി ഒരു മെഡിക്കൽ കോളേജായി പരിണമിക്കുന്നതും അതേ തുടർന്നുണ്ടാവുന്ന വികസനവുമെല്ലാം പലരും മനസിൽ കോട്ടപോലെ കെട്ടിപ്പൊക്കി. പക്ഷേ ഇപ്പോഴത്തെ യാഥാർത്ഥ്യം ഇതൊന്നുമല്ല, കനിഞ്ഞുകിട്ടിയ സൗകര്യങ്ങൾ പോലും രോഗികൾക്ക് വേണ്ടി പ്രയോജനപ്പെടുത്താൻ കഴിയാതെ മുടന്തിനീങ്ങുകയാണ് ആശുപത്രി പ്രവർത്തനങ്ങൾ. ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് 'വല്ലതും കിട്ടിയാലായി" എന്നതാണ് സ്ഥിതി.
തൈക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസ് പരിസരത്ത് ചെറിയ നിലയിൽ പ്രവർത്തിച്ചിരുന്ന റെയിൽവേ ആശുപത്രി 1990 -ലാണ് പേട്ട റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് പറിച്ചു നട്ടത്. നല്ല ആശുപത്രി കെട്ടിടം പണിയാനും ഭാവിയിൽ വേണ്ടവിധം വികസിപ്പിക്കാനുള്ള സാദ്ധ്യതയും കണക്കിലെടുത്തായിരുന്നു മാറ്റം. പക്ഷേ പിന്നീട് നടന്നതൊന്നും റെയിൽവേ ജീവനക്കാർ പ്രതീക്ഷിച്ച പോലെയല്ല.
അരലക്ഷം പേർക്ക് തുണയാവേണ്ട ആതുരാലയം
തിരുവനന്തപുരം ഡിവിഷന് കീഴിൽ ഷൊർണൂർ മുതൽ തിരുനെൽവേലി വരെയുള്ള 10,000 ത്തോളം റെയിൽവേ ജീവനക്കാർക്കും 8000 ത്തോളം പെൻഷൻകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സൗജന്യ ചികിത്സ നൽകാനുള്ള സ്ഥാപനമാണ് ഇത്. പുറത്തുനിന്നുള്ളവർക്ക് ചികിത്സയില്ല. റെയിൽവേ പെൻഷൻകാർക്ക് ആർ.ഇ.എൽ.എച്ച്.എസ് (റിട്ടയേർഡ് എംപ്ളോയിസ് ലിബറലൈസ്ഡ് ഹെൽത്ത് സ്കീം) അനുസരിച്ച് അവസാനത്തെ ഒരു മാസത്തെ ശമ്പളം അടച്ച് അംഗത്വമെടുത്താൽ ചികിത്സയും മരുന്നും സൗജന്യമായി ലഭിക്കും. 66 കിടക്കകളുള്ള വാർഡുണ്ട്. സാമാന്യം നല്ല കെട്ടിടമുണ്ട്. ഗതാഗത സൗകര്യമുണ്ട്. ഓപ്പറേഷൻ തിയേറ്ററുണ്ട്. എന്നിട്ടും രോഗികൾക്ക് തൃപ്തികരമായ തരത്തിൽ ഇവിടെ വന്നുപോകാൻ കഴിയുന്നില്ല.
ഡോക്ടർമാരുടെ പാനൽ നിശ്ചയിച്ച് അതിലെ അംഗങ്ങളാണ് ഓരോ ദിവസവും ക്ളിനിക്കിൽ എത്തുന്നത്. രാവിലെ 8.30 ന് തുടങ്ങേണ്ട ഒ.പി, ഡോക്ടർ എത്തുന്ന സമയത്തിന് അനുസരിച്ച് പ്രവർത്തിക്കും. സാധാരണ ഡോക്ടർമാർക്ക് പുറമെ ഒരു സർജൻ, ഒരു ഐ സ്പെഷ്യലിസ്റ്റ്, ഡെന്റൽ ഡോക്ടർ, കാർഡിയോളജിസ്റ്റ് എന്നിവരുടെ സേവനവുമുണ്ട്. മുൻകൂട്ടി നിശ്ചയിച്ചാണ് ഡോക്ടർമാരുടെ സേവനം നൽകേണ്ടതെങ്കിലും ദൂരെ സ്ഥലങ്ങളിൽ നിന്ന് രോഗികളെത്തുമ്പോൾ പലപ്പോഴും ഡോക്ടർമാർ ഉണ്ടാവാറില്ലെന്നതാണ് പൊതുവെയുള്ള പരാതി. ഗൈനക്ക് വാർഡിലും ഇങ്ങനെ പാനലിൽ നിന്നുള്ളവരുടെ സേവനമാണ് ലഭ്യമാക്കുന്നത്. പക്ഷേ ഈ വിഭാഗത്തിന്റെ പ്രവർത്തനവും വേണ്ടത്ര സുഗമമല്ല.
ജീവൻരക്ഷാ മരുന്നുകളുടെ ക്ഷാമമാണ് മറ്റൊരു പ്രധാനം വിഷയം. സൗജന്യമായി മരുന്നുകൾ കൂടി കിട്ടുമെന്നതാണ് ദൂരെനിന്നുള്ള രോഗികൾ ഇവിടേക്ക് വരാൻ മുഖ്യകാരണം. എന്നാൽ പുറത്തുനിന്ന് മരുന്നുവാങ്ങേണ്ട ഗതിയാണ് പലപ്പോഴുമുണ്ടാവുക.
എല്ലാമുണ്ട്, പക്ഷേ ഒന്നുമില്ല
'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും" എന്ന ചൊല്ലുപോലെയാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ള ചില ഉപകരണങ്ങളുടെ ഗതി. 20 ലക്ഷം ചെലവാക്കി സ്ഥാപിച്ച അൾട്രാ സൗണ്ട് സ്കാനിംഗിനുള്ള സംവിധാനമുണ്ട്, പക്ഷേ അത് പ്രവർത്തിപ്പിക്കാൻ റേഡിയോളജിസ്റ്റില്ല.
സാമാന്യം നല്ല രീതിയിലുള്ള ഓപ്പറേഷൻ തിയേറ്ററുണ്ട്, പക്ഷേ അനസ്തേഷ്യ നൽകാനുള്ള സ്ഥിരം വിദഗ്ദ്ധനില്ല. എം.ആർ.ഐ സ്കാനിംഗ് മെഷീൻ റെയിൽവേ ബോർഡ് അനുവദിച്ചെങ്കിലും ചില ഇടപെടലുകൾ വഴി അത് ട്രിച്ചിക്ക് പോയി. മുമ്പ് ഒരു ആംബുലൻസും ഡ്രൈവറുമുണ്ടായിരുന്നു. എന്നാൽ കാലപ്പഴക്കത്തിൽ ആംബുലൻസ് കേടായതോടെ അതും നഷ്ടമായി.
മെഡിക്കൽ കോളേജ് സ്വപ്നം
1999 ൽ മമതാ ബാനർജി കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്നപ്പോൾ, തിരുവനന്തപുരത്ത് റെയിൽവേ മെഡിക്കൽ കോളേജ് സ്ഥാപിക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പേട്ട ആശുപത്രിയോട് ചേർന്ന് കുറച്ചുകൂടി സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കുകയോ, അല്ലെങ്കിൽ നേമത്തുള്ള സ്വന്തം സ്ഥലത്ത് മെഡിക്കൽ കോളേജ് പണിയുകയോ ചെയ്യാനായിരുന്നു പദ്ധതി. ഏറെ പ്രതീക്ഷകൾ നൽകിയ പ്രഖ്യാപനമായിരുന്നു അതെങ്കിലും 'വെറും പ്രഖ്യാപനമായി' തന്നെ ഒതുങ്ങി.