തിരുവനന്തപുരം: കേന്ദ്രസേനയുടെ സുരക്ഷാവലയത്തിലായിരിക്കും വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ്. പഴുതടച്ച സുരക്ഷയൊരുക്കാനും ഏത് അടിയന്തര സാഹചര്യവും നേരിടാനുമായി സി.ഐ.എസ്.എഫിന്റെ (കേന്ദ്ര വ്യവസായ സുരക്ഷാസേന) 33 സൈനികരടങ്ങിയ ഒരു പ്ലാറ്റൂൺ തലസ്ഥാനത്തെത്തി. ഇൻസ്പെക്ടർ ശ്രീകുമാറാണ് കമ്പനി കമാൻഡർ. ഒരു പ്ലാറ്റൂൺ സേന കൂടി അടുത്തദിവസമെത്തും. മണ്ഡലത്തിലുടനീളം കേന്ദ്രസേനയുടെ സാന്നിദ്ധ്യമുണ്ടായിരിക്കും. മണ്ഡലത്തിലെ 36 ബൂത്തുകൾ പ്രശ്നസാദ്ധ്യതാ ബൂത്തുകളാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ അതീവപ്രശ്നസാദ്ധ്യതാ ബൂത്തുകളുടെ പട്ടികയുണ്ടാക്കി അവിടെയാവും കേന്ദ്രസേനയെ വിന്യസിക്കുക. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാധ്യായ, സ്പെഷ്യൽബ്രാഞ്ച് അസി. കമ്മിഷണർ പ്രമോദ്കുമാർ എന്നിവരുടെ നിർദ്ദേശപ്രകാരമാണ് കേന്ദ്രസേന പ്രവർത്തിക്കുക.
തുടർച്ചയായി അക്രമങ്ങളും കുറ്റകൃത്യങ്ങളും നടക്കുന്ന സ്ഥലങ്ങളിൽ സുരക്ഷാകോട്ടയൊരുക്കാനുള്ള ചുമതല കേന്ദ്രസേനയ്ക്കാവും. പൂജപ്പുര, വട്ടിയൂർക്കാവ്, പേരൂർക്കട എന്നിവിടങ്ങളിൽ കേന്ദ്രസേന റൂട്ട്മാർച്ച് നടത്തി. മ്യൂസിയം, കന്റോൺമെന്റ്, മെഡിക്കൽകോളേജ്, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ അടുത്തദിവസങ്ങളിൽ സേനയുടെ റൂട്ട്മാർച്ചുണ്ടാവും. തിരഞ്ഞെടുപ്പിന് തലേന്ന് സേനയെ ബൂത്തുകളിൽ വിന്യസിക്കും. ഓരോ ബൂത്തുകളിലെയും സാഹചര്യങ്ങൾ വിലയിരുത്തിയാകും കേന്ദ്രസേനയെ വിന്യസിക്കുക. എ.കെ-47, ഇൻസാസ് റൈഫിൾ, ഇറ്റാലിയൻ ബരേറ്റാ അടക്കമുള്ള തോക്കുകളുമായാണ് കേന്ദ്രസേന എത്തിയത്. ഉപതിരഞ്ഞെടുപ്പിനായി സജ്ജമാക്കുന്ന സുരക്ഷാക്രമീകരണങ്ങൾ സിറ്റി പൊലീസ് ഉന്നതരുമായി സേന ചർച്ചചെയ്തു. നന്ദാവനം എ.ആർ ക്യാമ്പിൽ ബാരക്കിൽ തങ്ങുന്ന കേന്ദ്രസേന തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷമേ മടങ്ങൂ.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ചെറിയതോതിൽ സംഘർഷമുണ്ടായ പൂജപ്പുര, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ പ്രശ്നമുണ്ടാകാനിടയുള്ള സെൻസിറ്റീവ് ബൂത്തുകളാണ്. ഈ ബൂത്തുകളിൽ രണ്ടു വീതം കേന്ദ്രസേനാംഗങ്ങളെ നിയോഗിക്കും. ആധുനിക നിരീക്ഷണസംവിധാനങ്ങളും ഒരുക്കും. കൂടുതൽ അക്രമസംഭവങ്ങൾ ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തും. പ്രശ്നബാധിത മേഖലകളിൽ സായുധസേനയെയും കൂടുതൽ പൊലീസിനെയും നിയോഗിക്കും. കേന്ദ്രസേനയ്ക്ക് പുറമെ സംസ്ഥാന പൊലീസ് കമാൻഡോ വിഭാഗമായ ആർ.ആർ.ആർ.എഫിന്റെ രണ്ട് കമ്പനിയെയും നിയോഗിക്കും.
വോട്ടെടുപ്പ് സുഗമമായി നടക്കുന്നതിനും അക്രമസംഭവങ്ങൾ ഒഴിവാക്കുന്നതിനുമായി കൂടുതൽ പൊലീസിനെയും സേനാംഗങ്ങളെയും വോട്ടെടുപ്പ് കേന്ദ്രങ്ങളിലും പ്രശ്നബാധിത പ്രദേശങ്ങളിലും വിന്യസിക്കും. തിരഞ്ഞെടുപ്പിനു മുന്നോടിയായി ക്രിമിനൽ പശ്ചാത്തലമുള്ളവരെയും സാമൂഹ്യവിരുദ്ധരെയും നിരീക്ഷിക്കുന്നതിനും പ്രശ്നക്കാരായവരെ പിടികൂടുന്നതിനുമുള്ള നടപടികൾ പൊലീസ് തുടങ്ങിയിട്ടുണ്ട്. വട്ടിയൂർക്കാവിലെ സവിശേഷമായ രാഷ്ട്രീയസാഹചര്യങ്ങൾ കണക്കിലെടുത്ത് അതീവജാഗ്രത പാലിക്കണമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പ്രശ്നബാധിത ബൂത്തുകളിൽ ഗ്രൂപ്പ് പട്രോൾ, പൊലീസ് പിക്കറ്റുകൾ, നിരീക്ഷണസംവിധാനം എന്നിവ ഏർപ്പെടുത്തും. ഡി.ജി.പി, ഐ.ജി എന്നിവരുടെ സ്ട്രൈക്കിംഗ് ഫോഴ്സും തലസ്ഥാനത്തുണ്ടാവും. പ്രശ്നബാധിത ബൂത്തുകളിൽ വീഡിയോ കാമറാ നിരീക്ഷണ സംവിധാനമൊരുക്കും.
മുൻതിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് മൊത്തം പോൾചെയ്ത വോട്ടിന്റെ 75 ശതമാനം ലഭിച്ച ബൂത്തുകൾ, റീപോളിംഗ് നടന്ന ബൂത്തുകൾ, അക്രമസംഭവങ്ങളുണ്ടായ ബൂത്തുകൾ, കുടുംബാംഗങ്ങൾ സ്ഥലത്തില്ലാത്ത വോട്ടർമാർ കൂടുതലുള്ള ബൂത്തുകൾ, മാവോയിസ്റ്റ് സാന്നിദ്ധ്യം, സ്ഥാനാർത്ഥികൾ എന്നിവയെല്ലാം കണക്കിലെടുത്താണ് പ്രശ്നബാധിത ബൂത്തുകളുടെ പട്ടിക തയ്യാറാക്കുന്നത്. രഹസ്യാന്വേഷണവിഭാഗം തയ്യാറാക്കുന്ന പട്ടിക പൊലീസ്, ചീഫ് ഇലക്ടറൽ ഒാഫീസർക്കും കളക്ടർക്കും നൽകും. കളക്ടറാണ് പ്രശ്നബാധിത ബൂത്തുകളുടെ എണ്ണം തീരുമാനിക്കുന്നത്. പ്രശ്നസാദ്ധ്യതാബൂത്തുകളിൽ വീഡിയോഗ്രഫി, വെബ്കാസ്റ്റിംഗ്, അധികസേനാവിന്യാസം എന്നിവയുണ്ടാവും. മൈക്രോ ഒബ്സർവർമാരുടെ സേവനവും ഇവിടെ ലഭ്യമാക്കും. ജനവാസ പ്രദേശങ്ങളിൽ നിന്ന് മാറി സ്ഥിതിചെയ്യുന്ന ബൂത്തുകളെ അതീവസുരക്ഷാബൂത്തുകളായി കണക്കാക്കി സായുധസേനയെ നിയോഗിക്കും. ഹോട്ട് ലൈൻ, വയർലെസ്, മൊബൈൽ, ഇന്റർനെറ്റ് സംവിധാനങ്ങളോടുകൂടിയ വാർത്താവിനിമയ സംവിധാനങ്ങളും സുരക്ഷയ്ക്കായി പൊലീസ് സജ്ജമാക്കും.
കൊട്ടിക്കലാശത്തിൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ കാമറ നിരീക്ഷണവും വൻ പൊലീസ് സന്നാഹത്തെയും സജ്ജമാക്കും. വോട്ടെടുപ്പ് ദിവസം എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ നിരന്തരം പട്രോളിംഗ് നടത്തി പൊലീസ് സാന്നിദ്ധ്യം ഉറപ്പുവരുത്തും. പോളിംഗ് സ്റ്റേഷന്റെ 100 മീറ്റർ പരിധിക്കുള്ളിൽ മൊബൈൽഫോൺ ഉപയോഗിക്കുന്നതിനും സ്വകാര്യവാഹനങ്ങൾ പ്രവേശിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും.
സന്നാഹം
l ബൂത്തുകളെ രൂക്ഷതയുടെ അടിസ്ഥാനത്തിൽ ഹൈപ്പർ സെൻസിറ്റീവ്, സെൻസിറ്റീവ് എന്ന് രണ്ടായി തിരിക്കും.
l പ്രശ്നബാധിതമെന്നു കണ്ടെത്തിയ ബൂത്തുകളിൽ പോളിംഗ് ദിവസം കേന്ദ്രസേനയെ വിന്യസിക്കും.
l അതീവപ്രശ്ന സാദ്ധ്യത കണക്കാക്കുന്ന എ-വിഭാഗത്തിൽ ഒാരോ ബൂത്തിലും നാല് കേന്ദ്രസേനാംഗങ്ങൾ.
l ബി-വിഭാഗം ബൂത്തുകളിൽ രണ്ട് കേന്ദ്രസേനാംഗങ്ങളും അധികം പൊലീസുമുണ്ടാവും.
ഉപതിരഞ്ഞെടുപ്പിന് പഴുതടച്ച സുരക്ഷയൊരുക്കും. തിരഞ്ഞെടുപ്പുകൾക്ക് സുരക്ഷയൊരുക്കാനുള്ള സ്കീം പ്രകാരമായിരിക്കും സേനാവിന്യാസം. കേന്ദ്രസേനയുടെ സാന്നിദ്ധ്യം മണ്ഡലത്തിലുണ്ടാവും. റൂട്ട്മാർച്ചുകൾ തുടരും.- ബൽറാംകുമാർ ഉപാധ്യായ സിറ്റി പൊലീസ് കമ്മിഷണർ