തിരുവനന്തപുരം: പ്രവർത്തകരും കൊടി തോരണങ്ങളും പ്രചാരണ വാഹനങ്ങളും തലങ്ങും വിലങ്ങും പൊതിയുമ്പോഴും മൂന്നിൽ ആർക്കൊപ്പമാണ് ജനമനസെന്ന് പറയാതെ ഒളിപ്പിച്ച് പിടിക്കുകയാണ് വട്ടിയൂർക്കാവ്. ജംഗ്ഷനുകളിൽ വൈവിദ്ധ്യങ്ങളായ പോസ്റ്ററുകളും ബാനറുകളും പ്രചാരണ സംഘങ്ങളുമെല്ലാം നിറയുകയാണ്. പരസ്യ പ്രചാരണം അവസാനിക്കാൻ മൂന്നു ദിവസം മാത്രം ബാക്കിയായതോടെ മുദ്രാവാക്യങ്ങളുടെ ശക്തിയുമേറി. നിരത്തുകളിൽ വാഹനങ്ങൾ പാരഡി ഗാനങ്ങളും പ്രചാരണ സന്ദേശങ്ങളും മുഴക്കി തലങ്ങും വിലങ്ങും പായുമ്പോൾ ഒരു വട്ടം കൂടി എല്ലാ വീടുകളിലുമെത്തി വോട്ടുറപ്പിക്കനുള്ള ഓട്ടത്തിലാണ് മുന്നണികളുടെ സ്ക്വാഡുകൾ.
ഓരോ മണിക്കൂറും നിർണായകമായതോടെ കവലകളിലും കടകളിലുമെല്ലാം രാഷ്ട്രീയ ചർച്ചകൾക്കും ചൂടേറി. യു.ഡി.എഫിനുള്ള എൻ.എസ്.എസ് പരസ്യ പിന്തുണയാണ് പ്രധാന ചർച്ചാ വിഷയം. 'ഭാഗ്യക്കുറി അടിക്കുംപോലെയാണ്. എല്ലാത്തിനും ഭാഗ്യം കൂടി വേണം. ഈ തിരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് ജയിക്കാനും വേണം ഭാഗ്യം"- നെട്ടയത്ത് ലോട്ടറി ടിക്കറ്റ് കച്ചവടം നടത്തുന്ന രാജൻ ആശാരിയുടെ ഫിലോസഫിയാണ്. 'ഒന്നും പറയാൻ പറ്റില്ല. മൂന്നു പേരും ഇപ്പോൾ ഒരു പോലെയാണ്''- ടിക്കറ്റ് വാങ്ങാനെത്തിയ ജയന്റെ നിരീക്ഷണം. എൻ.എസ്.എസ് ഭാരവാഹികൾ പിന്തുണയുമായി ഇറങ്ങിയതോടെ യു.ഡി.എഫിന് വോട്ട് കൂടുതൽ കിട്ടും. എന്നാലതുകൊണ്ട് മോഹൻകുമാർ ജയിക്കുമെന്ന് പറയാൻ പറ്റില്ല. മേയർ നല്ലൊരു മനുഷ്യനാണ്. രാഷ്ട്രീയം നോക്കാത്തവരുടെ വോട്ട് മേയർക്ക് കിട്ടുമെന്നാണ് തോന്നുന്നത്"- രാജനാശാരി തുടർന്നു.
അപ്പോഴേക്കും യു.ഡി.എഫിന്റെ പ്രചാരണ വാഹനം നെട്ടയം ജംഗ്ഷനിലെത്തി. നാട്ടുകാരുടെ ശ്രദ്ധ അതിലേക്ക് നീങ്ങി. 'വീടുകൾ കയറിയുള്ള പ്രചാരണത്തിൽ എൽ.ഡി.എഫാണ് മുന്നിൽ. മറ്റ് പ്രചാരണ രീതികളിൽ ബി.ജെ.പിക്കാരാണ് ഒരു ചുവടു മുന്നിൽ" - കാച്ചാണിക്കടുത്ത് ഫാൻസി കട നടത്തുന്ന ദിനേശ് പറഞ്ഞു. എൻ.എസ്.എസ് കോൺഗ്രസിന് വോട്ടിടാൻ പറഞ്ഞാലും അനുസരിക്കുന്നവർ കുറവായിരിക്കും. ബി.ജെ.പി ഭാരവാഹികൾ പലരും എൻ.എസ്.എസുകാരാണ്. ഈ മണ്ഡലത്തിൽ പുരോഗതിയില്ല. മുൻ തിരഞ്ഞെടുപ്പുകളിൽ ഇടതിനും വലതിനുമൊക്കെ ഞാൻ വോട്ടു ചെയ്തിട്ടുണ്ട്. ഇത്തവണ ബി.ജെ.പിക്ക് ചെയ്യാനാണ് തീരുമാനം- ദിനേശ് നേരെ ചൊവ്വേ കാര്യം പറഞ്ഞു.
ബി.ജെ.പിക്ക് ശക്തമായ സ്വാധീനം ഉള്ള സ്ഥലമാണ് കാച്ചാണി. എസ്. സുരേഷിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള അനൗൺസ്മെന്റ് വാഹനം നെട്ടയം ഭാഗത്തേക്ക് തലങ്ങും വിലങ്ങും ഓടുകയാണ്. 'എല്ലാവരും നല്ല സ്ഥാനാർത്ഥികളാണ്. കൂട്ടത്തിൽ പയ്യൻ ജയിക്കാനാണ് സാദ്ധ്യത" - വട്ടിയൂർക്കാവിൽ ചെറിയൊരു കട നടത്തുന്ന ചന്ദ്രാംഗദന്റെ പ്രവചനം ഇതാണ്. കേശവദാസപുരം ജംഗ്ഷനിൽ ചെങ്കൊടി നിറഞ്ഞു കിടക്കുകയാണ്.
വലിയൊരു ചെങ്കൊടിയുമായി അനൗൺസ്മെന്റ് വാഹനം കടന്നു പോയപ്പോൾ അവിടെ തടിച്ചുകൂടിയവരുടെ കൗതുകമുള്ള നോട്ടം അതിലേക്കായി. വോട്ടുപിടിക്കാനുള്ള വഴികളെല്ലാം തുറന്നിട്ടും ആര് ജയിക്കുമെന്ന് പറയാൻ ഇപ്പോഴും മുന്നണികൾക്ക് കഴിയുന്നില്ല. വട്ടിയൂർക്കാവ് ഒളിപ്പിച്ച് വച്ചിരിക്കുന്ന ആ സസ്പെൻസ് അറിയാൻ കാത്തിരിക്കുകയാണവർ.