ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ മെഡിറ്ററേനിയൻ ഡയറ്റ് പ്ലാൻ 1990 കളിൽ പ്രചാരത്തിലെത്തിയതാണ്. ഗ്രീസ്, ഇറ്റലി, തെക്കൻ ഫ്രാൻസ് , സ്പെയിൻ എന്നീ രാജ്യങ്ങളിലെ പാരമ്പര്യ ഭക്ഷണ രീതിയാണ് ഇതിൽ അവലംബിച്ചിട്ടുള്ളത്. പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, പയർ വർഗങ്ങൾ, നട്സ് എന്നിവ ധാരാളം ഉൾപ്പെട്ടതാണിത്. ഒലിവെണ്ണ ഉൾപ്പെടെ ആരോഗ്യകരമായ സസ്യ എണ്ണകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഉപ്പ് മിതമായി മാത്രം. സുഗന്ധവ്യഞ്ജനങ്ങളും പോഷക ഗുണവും രുചിയും മണവുമുള്ള ഇലകളും ഉൾപ്പെടുന്നു ഡയറ്റിൽ.
കോഴിയിറച്ചി ഉൾപ്പെടെയുള്ള പക്ഷിമാംസവും കൊഴുപ്പു കുറഞ്ഞ മത്സ്യവും ആഴ്ചയിൽ രണ്ട് പ്രാവശ്യം. കൊഴുപ്പു നീക്കിയ പാലും പാലുത്പന്നങ്ങളും മിതമായി മാത്രം കഴിക്കാം.
ഇടനേരങ്ങളിൽ ഡ്രൈ ഫ്രൂട്സ്, ഉപ്പില്ലാത്ത നട്സ് എന്നിവ മാത്രം. പാനീയമായി ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ.
ആന്റി ഓക്സിഡന്റുകൾ ധാരാളമടങ്ങിയിട്ടുള്ള ഡയറ്റായതിനാൽ രോഗപ്രതിരോധശേഷി നൽകും.നാരുകൾ ഏറെയുള്ളതിനാൽ ദഹനം സുഗമമാക്കും. ഹൃദയാരോഗ്യം സംരക്ഷിക്കും. രക്തത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിച്ച് പ്രമേഹത്തെ തടയും. അമിതവണ്ണം, അൽഷിമേഴ്സ് , പാർക്കിൻസൺസ് എന്നിവയെ തടയും. ചർമത്തിന്റെ തിളക്കവും സൗന്ദര്യവും വർദ്ധിപ്പിക്കും.