കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിൽ മുഖ്യ പ്രതിയായ ജോളിയുടെ ഉറ്റ സുഹൃത്ത് റാണിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. റാണിക്ക് ജോളിയുമായി അടുത്ത ബന്ധമാണെന്നും പൊലീസ് പറയുന്നു. എൻ.ഐടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന ഇവരെചോദ്യം ചെയ്താൽ ജോളിയുടെ എൻ.ഐടി ജീവിതത്തെ കുറിച്ച് വ്യക്തമായ തെളിവുകൾ കിട്ടുമെന്ന് പൊലീസ് വ്യക്തമാക്കി.
പൊലീസ് പിടിച്ചെടുത്ത ജോളിയുടെ മൊബൈൽ ഫോണിൽ നിന്നാണ് റാണിയെ കുറിച്ച് വിവരങ്ങൾ ലഭിച്ചത്. റാണിയെക്കുറിച്ചുള്ള ഒരു വിവരവും നൽകാൻ ജോളി തയാറായിട്ടില്ല. തയ്യൽക്കട ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഈ വർഷം മാർച്ചിൽ എൻ.ഐ.ടിയിൽ നടന്ന രാഗം കലോത്സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. എൻ.ഐ.ടി തിരിച്ചറിയൽ കാർഡ് ധരിച്ച ജോളിക്കൊപ്പം യുവതി നിൽക്കുന്ന ചിത്രങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ബ്യൂട്ടി പാർലർ ഉടമ സുലേഖ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ് വാരിയർ എന്നിവരാണ് ജോളിയുടെ സുഹൃത്തുക്കൾ എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ, റാണിയുമായാണ് ജോളി അടുത്ത ബന്ധം പുലർത്തിയിരുന്നതെന്ന് സൂചന നൽകുന്ന ചിത്രങ്ങളാണ് പൊലീസിന് ലഭിച്ചത്.
അതേസമയം, പൊന്നാമറ്റം കുടുംബാംഗങ്ങളുടെ ഡി.എൻ.എ പരിശോധന ഇന്ന് നടക്കും. മരിച്ച റോയ് തോമസിന്റെ സഹോദരൻ റോജോ, സഹോദരി റെഞ്ചി, റേയിയുടെ രണ്ട് മക്കൾ എന്നിവർ സാമ്പിൾ നൽകാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിലെത്തി. കല്ലറയിൽ നിന്ന് പുറത്തെടുത്ത മൃതദേഹാവശിഷ്ടങ്ങൾ കൂടത്തായിയിൽ ദുരൂഹമായി കൊല്ലപ്പെട്ടവരുടേത് തന്നെയാണെന്ന് ഉറപ്പിക്കാൻ വേണ്ടിയാണ് ഡി.എൻ.എ പരിശോധന.