maradu-

കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച് മരടിൽ നിർമ്മിച്ച ഫ്ലാറ്റുകൾ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പൊളിക്കാനുള്ള നടപടി തുടങ്ങി. രണ്ട് ഫ്ലാറ്റുകളാണ് ഇതുവരെ പൊളിക്കാനായി കൈമാറിയത്. ഇതിൽ ആൽഫാ വെഞ്ചേഴ്സിൽ പൊളിക്കുന്നതിന് മുമ്പ് തൊഴിലാളികൾ പൂജ നടത്തി. വിജയ സ്റ്റീൽ എന്ന കമ്പനിയാണ് ഇവിടെ പൊളിക്കുന്നതിനായുള്ള കോൺട്രാക്ട് എടുത്തിരിക്കുന്നത്.

അതേസമയം, മരടിലെ നാല് ഫ്ലാറ്റുകളും പൊളിക്കാൻ കമ്പനികൾ സർക്കാരിനോട്‌ ആവശ്യപ്പെട്ടത് രണ്ടര കോടി രൂപ. ഇതിൽ ഏറ്റവും ഉയർന്ന തുക ജെയിൻ ഫ്ലാറ്റ് പൊളിക്കാനാണ്, 86 ലക്ഷം. നഷ്ടപരിഹാര കമ്മറ്റിയുടെ എല്ലാ ചെലവും ഫ്ലാറ്റ് നിർമാതാക്കളിൽ നിന്ന് ഈടാക്കാനുള്ള ഉത്തരവും പുറത്തിറങ്ങിയിരുന്നു. ആകെ ചെലവ് 23,281,720 രൂപയാണ് എഡിഫെസ് എൻജിനിയറിംഗ് പൊളിക്കുന്ന ജെയിൻ ഫ്ലാറ്റിനാണ് ഏറ്റവും കൂടുതൽ തുക ചെലവ് വരുന്നത് 86,76,720 രൂപ. ഗോൾഡൻ കായലോരം ഫ്ലാറ്റ് പൊളിക്കാനാണു ഏറ്റവും കുറവ് തുക വരുന്നത്. 21,02,760 രൂപ.

ഹോളി ഫെയ്‌ത്തിന്റെ എച്ച് ടു ഒ ഫ്ലാറ്റ് പൊളിക്കാൻ 64,02,240 രൂപയാണ് ചെലവ്. ആൽഫാ സെറിൻ ഫ്ലാറ്റിന്റെ ഇരട്ട കെട്ടിടങ്ങൾ പൊളിക്കാൻ വിജയ് സ്റ്റീൽസ് ചോദിച്ചത് 61, 00,000 രൂപയാണ്. ഈ കണക്കുകൾ ഇന്ന് ചേരുന്ന നഗരസഭ കൗൺസിലിൽ സബ് കളക്‌ടർ അവതരിപ്പിക്കും. നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്ന് ഒരു രൂപ പോലുമെടുക്കില്ല എന്നാണ് സർക്കാർ ഉറപ്പ് നൽകുന്നത്. അതേസമയം ജസ്റ്റിസ് ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായ നഷ്ടപരിഹാര സമിതിക്ക് സർക്കാർ 14 അനുബന്ധ സ്റ്റാഫുകളെ സർക്കാർ നിയമിച്ചു. കമ്മറ്റിയുടെ ചെലവ് പൂർണമായും ഫ്ലാറ്റ് നിർമാതാക്കൾ വഹിക്കണം എന്ന് നിയമന ഉത്തരവിൽ പറയുന്നു.