നടി, അവതാരക, നിർമ്മാതാവ്, നർത്തകി എന്നീ നിലകളിൽ മലയാളികളുടെ ഇഷ്ടം നേടി താരമായിരുന്നു ദേവി അജിത്. 2000 മുതലാണ് ദേവി അജിത് സിനിമയിൽ സജീവമായത്. തമിഴിലും മലയാളത്തിലുമായി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2000ൽ ബിജു മോനോൻ സംയുക്ത വർമ്മ എന്നിവരെ കേന്ദ്രകഥാപാത്രത്തിലെത്തിയ മഴ എന്ന സിനിമയിലൂടെയായിരുന്നു ദേവിയുടെ തുടക്കം. പിന്നീട് മലയാളത്തിലും തമിഴിലുമായി മികച്ച അമ്മ വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. മഴ, ട്രിവാഡ്രം ലോഡ്ജ്, ഇമ്മാനുവൽ, പെരുച്ചാഴി, മിലി, എന്നു നിന്റെ മൊയ്ദീൻ, കനൽ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു.
ഇപ്പോഴിതാ വാഹനങ്ങളോടുള്ള ഇഷ്ടവും ഓർമ്മകളും പങ്കുവച്ചിരിക്കുകയാണ് ദേവി അജിത്. കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവ് എന്ന പരിപാടിയിലാണ് താരം മനസു തുറന്നത്. ഇപ്പോൾ തന്റെ കൈയിൽ മാരുതിയുടെ ബലേനോയാണ് ഉള്ളതെങ്കിലും തന്റെ പ്രിയപ്പെട്ട വാഹനം മുമ്പ് ഉണ്ടായിരുന്ന ജിപ്സിയാണെന്ന് ദേവി അജിത് പറഞ്ഞു. ആ വാഹനം കൊണ്ട് മറക്കാനാവാത്ത ഒരുപാടു സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്ന് ജിപ്സിയിൽ പോകുമ്പോൾ എല്ലാവരുടെയും മുമ്പിൽ താനൊരു നോട്ടപ്പുള്ളിയായിരുന്നെന്നും ദേവി പറയുന്നു.
ദേവിയുടെ വാക്കുകൾ ഇങ്ങനെ
' ഭർത്താവ് മരിച്ചപ്പോൾ ജീൻസ് ധരിച്ചതിന് തുടർന്ന് ഒരു പ്രത്യേക ഇമേജുള്ള ആളാണ് ഞാൻ. അങ്ങനെയിരിക്കെ ജിപ്സി കൂടെ ഓടിച്ചപ്പോൾ എല്ലാവരുടെയും മുമ്പിൽ ഒരു നോട്ടപ്പുള്ളിയായി ഞാനും വണ്ടിയും. അന്ന് തിരുവനന്തപുരത്ത് ജിപ്സിയുമായി പോകുന്ന ഒരു പെണ്ണ് ഞാൻ മാത്രമായിരിക്കും. എന്റെ മകളും ഫ്രണ്ട്സും എല്ലാവരും ഒപ്പം ഉണ്ടാവാറുണ്ടായിരുന്നു. എന്നാൽ ആ വാഹനം പെട്ടെന്ന് കൊടുക്കേണ്ടി വന്നു. കാരണം മറ്റൊന്നുമല്ല, എനിക്ക് ചമ്മൽ ഉണ്ടാക്കുന്ന ഒരുപാട് ഇൻസിഡൻസ് അതു ഓടിച്ചുപോകുമ്പോൾ സംഭവിച്ചിട്ടുണ്ട്'.
'എനിക്കൊരു ബുട്ടീക് ഷോപ്പ് ഉണ്ട്. അവിടെ നിന്ന് മടങ്ങി വരുമ്പോൾ രാത്രിയാവും. അന്നൊക്കെ മിക്കവാറും അതിന്റെ ടയർ പഞ്ചറാവും. വലിയ ടയർ ആയതുകൊണ്ട് എനിക്ക് മാറ്റാൻ സാധിക്കില്ല. ഇത് എല്ലാ ആഴ്ചയിലും ഒരു പരിപാടിയായി മാറി. രാത്രി മറ്റാരെങ്കിലും വിളിച്ചാണ് ഇത് മാറ്റിയിടുക. ഇതുകണ്ട് എല്ലാവരും കളിയാക്കും. ഇത് സ്ഥിരമായി തുടർന്നപ്പോൾ എനിക്ക് തന്നെ ചമ്മൽ വരാൻ തുടങ്ങി. വലിയ വഹനങ്ങളോട് ഇഷ്ടമാണെങ്കിലും അത് കൊണ്ടുനടക്കാൻ എനിക്ക് അറിയില്ല. അങ്ങനെയാണ് ഞാൻ അതു കൊടുക്കാൻ തീരുമാനിച്ചത്- ദേവി അജിത് പറഞ്ഞു.
പരിപാടിയുടെ പൂർണരൂപം