micro-car

ബൈക്ക് യാത്രക്കാർ പൊതുവെ കാർ യാത്രക്കാരെക്കാൾ ദുരിതമനുഭവിച്ചാണ് റോഡിലൂടെ സഞ്ചരിക്കുക. കാറിനകത്തുള്ളവർ എ.സിയൊക്കെയിട്ട് ഗ്ലാസിനകത്തിരിക്കുമ്പോൾ ബൈക്ക് യാത്രക്കാർക്ക് കൂടുതൽ പൊടിയും ചൂടും മറ്റും ഏൽക്കേണ്ടി വരും എന്നത് തന്നെയാണ് ഇതിനു കാരണം. എന്നാൽ ഇതിനു ഒരു പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൈദരാബാദിലെ മൂന്ന് ബി.ടെക് വിദ്യാർത്ഥികളായ ജോയേൽ ജോഷ്വ, മദിരാജു വംശി, മുങ്ടെ ശിവരാജ് എന്നിവർ. 'ഡിലൈറ്റ് മൈക്രോ കാർ' എന്ന പേരിൽ ഇവർ പുറത്തിറക്കിയ ഇലക്ട്രിക്ക് വാഹനം ബൈക്കിന് പകരമായി ഉപയോഗിക്കാം എന്നാണ് ഇവർ പറയുന്നത്.

2014ൽ സ്ഥാപിതമായ ഡിലൈറ്റ് ഇ.വി എന്ന പേരിലുള്ള സ്റ്റാർട്ട്അപ്പ് വഴിയാണ് ഇവർ ഈ വാഹനത്തിന്റെ കോൺസെപ്റ്റ് മോഡൽ ആദ്യമായി പുറത്തിറക്കിയത്. 85 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഡിലൈറ്റ് മൈക്രോ കാറിന് ഒറ്റ ചാർജിൽ 165 കിലോമീറ്റർ വരെ ഒടാൻ സാധിക്കും. മാത്രമല്ല, വാഹനത്തിൽ ഫാസ്റ്റ് ചാർജിംഗ്, സ്വാപ്പബിൾ ബാറ്ററി പാക്ക് എന്നീ സൗകര്യങ്ങളും ഉണ്ട്. ഇതുകൂടാതെ ഇലക്ട്രിക് ഇനേബിൾഡ് സ്റ്റീയറിംഗ്, അൾട്രാ സ്മൂത്ത് സസ്‌പെൻഷൻ സിസ്റ്റം എന്നിവ ഈ വാഹനത്തിലുണ്ട്. വാഹനത്തിന്റെ പേറ്റന്റിനായി ഇതിന്റെ നിർമാതാക്കൾ അപേക്ഷകൾ സമർപ്പിച്ച് അപ്പ്രൂവലിനായി കാത്തിരിക്കുകയാണ് ഇതിന്റെ നിർമാതാക്കൾ. 2.8 ലക്ഷം മുതൽ 3.5 ലക്ഷം വരെയാണ് നിർമാതാക്കൾ ഡിലൈറ്റ് മൈക്രോ കാറിന് വിലയിടാൻ ഉദ്ദേശിക്കുന്നത്.