shane-nigam

താൻ ഭീഷണിപ്പെടുത്തിയെന്ന നടൻ ഷെയ്ൻ നിഗത്തിന്റെ പരാതിയിൽ വിശദീകരണവുമായി നിർമാതാവ് ജോബി ജോർജ്. താൻ ഷെയ്‌നിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ജോർജ് പറയുന്നത്. ആദ്യം 30 ലക്ഷം രൂപ തന്നോട് ആവശ്യപ്പെട്ട ഷെയ്ൻ പിന്നീട് 40 ലക്ഷം രൂപ ചോദിച്ചുവെന്നും ജോബി ജോർജ് ആരോപിക്കുന്നു. സിനിമയിൽ അഭിനയിക്കുന്നതിന് ഡേറ്റ് നൽകിയ ശേഷം നടൻ തന്നെ വഞ്ചിച്ചു. നടനെതിരെ നിർമാതാക്കളുടെ സംഘടനക്ക് പരാതി നൽകിയെന്നും ജോബി ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

തന്റെ സിനിമയിൽ അഭിനയിച്ച ശേഷം മാത്രമേ മുടി മുറിക്കാവൂ എന്ന് കരാറുണ്ട്. ഇത് മാനിക്കാതെയാണ് ഷെയ്ൻ മുടി മുറിച്ചതെന്നും ജോബി പറഞ്ഞു. 30 ലക്ഷം രൂപയാണ് സിനിമയ്ക്ക് വേണ്ടി ഷെയ്‌നിന് നൽകിയത്. അതിന് ശേഷം വീണ്ടും പത്ത് ലക്ഷം ആവശ്യപ്പെട്ടു. മുടി വെട്ടിയത് സംബന്ധിച്ച് ഷെയ്‌നിന്റെ ന്യായീകരണങ്ങൾ അംഗീകരിക്കാൻ സാധിക്കില്ല. ഉറങ്ങിക്കിടന്നപ്പോൾ മുടി വെട്ടിയെന്ന് ഷെയ്ൻ പറഞ്ഞതായാണ് അറിയുന്നത്. എന്തടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല.ജോബി ജോർജ് പറഞ്ഞു. സ്വന്തം മുടി വെട്ടുന്നത് അറിയാത്ത ഷെയ്ൻ എന്തിന്റെ സ്വാധീനത്തിലാണെന്നും ജോബി ജോർജ് ചോദിച്ചു.

ജോബി ജോർജിന്റെ വെയിൽ സിനിമയിലെ ഷെയിനിന്റെ കഥാപാത്രത്തിന്റെ ഗെറ്റപ്പ് സംബന്ധിച്ചാണ് വിവാദം ആരംഭിച്ചത്. വെയിലിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് താൻ അതേസമയം അഭിനയിച്ച ഖുർബാനി എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ആവശ്യത്തിനായി മുടി വെട്ടേണ്ടി വന്നുവെന്നും ഇത് ഇരുസിനിമകളുടെയും പ്രൊഡ്യൂസർമാരുടെ സമ്മതത്തോട് കൂടിയായിരുന്നുവെന്നും ഷെയ്ൻ 'അമ്മ' സംഘടനയ്ക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. തന്റെ ചിത്രത്തിന്റെ കണ്ടിന്യൂവിറ്റി നഷ്ടപ്പെടും എന്ന് കാട്ടിയാണ് ജോബി ജോർജ് ഷെയ്‌നിനെ ഭീഷണിപ്പെടുത്തിയതെന്നും ഷെയ്ൻ പറഞ്ഞിരുന്നു.

തനിക്കെതിരെ നിർമ്മാതാവിന്റെ വധഭീഷണിയുണ്ടെന്ന് കാണിച്ച് ഇന്നലെയാണ് ഷെയ്ൻ നിഗം രംഗത്ത് വന്നത്. ഷെയ്ൻ അഭിനയിച്ച് കൊണ്ടിരിക്കുന്ന വെയിൽ എന്ന ചിത്രത്തിലെ നിർമ്മാതാവാണ് തനിക്കെതിരെ വധഭീഷണി മുഴക്കിയതെന്ന് താരം പറഞ്ഞു. വെയിലിന്റെ ഒന്നാം ഷെഡ്യൂൾ കഴിഞ്ഞതിന് ശേഷമാണ് നടനെതിരെ നിർമ്മാതാവ് വധ ഭീഷണിയുമായി രംഗത്തെത്തിയത്. തന്നോടും ഖുർബാനി എന്ന ചിത്രത്തിന്റെ നിർമ്മാതാവിനോടും വളരെ മോശമായ രീതിയിലാണ് ഇദ്ദേഹം പെരുമാറിയതെന്നും ഷെയ്ൻ പറഞ്ഞു.