news

മരട് ഫ്ളാറ്റുകള്‍ പൊളിക്കുന്നു. ആല്‍ഫാ വെഞ്ചേഴ്സ് കെട്ടിടത്തില്‍ തൊഴിലാളികളുടെ പൂജ.

1. മരടിലെ വിവാദ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് ഉള്ള നടപടികള്‍ തുടങ്ങി. ആല്‍ഫാ വെഞ്ചേഴ്സ് കെട്ടിടത്തില്‍ തൊഴിലാളികള്‍ പൂജ നടത്തി. ചെന്നൈയില്‍ നിന്നുള്ള വിജയ സ്റ്റീല്‍സ് എന്ന കമ്പനിയാണ് കെട്ടിടം പൊളിക്കുന്നത്. പൊളിക്കാനായി രണ്ട് ഫ്ളാറ്റുകള്‍ ആണ് ഇതുവരെ കമ്പനികള്‍ക്ക് കൈമാറിയത്. മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നിര്‍ണയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ യോഗവും ഇന്ന് വീണ്ടും ചേരും




2. നേരത്തെ യോഗം ചേര്‍ന്ന സമിതി 14 പേര്‍ക്ക് അടിയന്തര ധന സഹായത്തിനുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിരുന്നു. ഇന്ന് ലഭിക്കുന്ന അപേക്ഷകളും രേഖകളും പരിശോധിച്ചു കൂടുതല്‍ പേര്‍ക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കും. 241 പേര്‍ക് നഷ്ടപരിഹാരത്തിന് അര്‍ഹത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. മരട് നഗരസഭയുടെ അടിയന്തര യോഗവും ഇന്ന് ചേരുന്നുണ്ട്
3. തനിക്ക് നേരെ വധഭീഷണി മുഴക്കുന്ന എന്ന നടന്‍ ഷെയ്ന്‍ നിഗത്തിന്റെ ആരോപണത്തിന് മറുപടിയുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ഷെയിനിനെ ഭീഷണിപ്പെടുത്തിയിട്ടില്ല. പ്രതിഫലം മുഴുവന്‍ വാങ്ങിയിട്ടും ചിത്രം പൂര്‍ത്തിയാക്കിയിട്ടില്ല. കഴിഞ്ഞ ആറ് ദിവസമായി താന്‍ പനിപിടിച്ച് കിടപ്പിലാന്‍. താന്‍ അംഗമായ അസോസിയേഷന്‍ ഇക്കാര്യത്തില്‍ നാളെ പ്രതികരിക്കും എന്നും ജോബി ജോര്‍ജ്. അതിനിടെ, പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച് നടന്‍ ഷെയ്ന്‍ നിഗം. തന്നെ ഫാന്‍ ഫൈറ്റുകളിലേക്ക് വലിച്ചിഴക്കരുത് എന്നും ഷെയ്ന്‍
4. ഷെയിന്‍ നിഗം നായകന്‍ ആയ വെയില്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് ജോബി ജോര്‍ജ്. ഒന്നാം ഷെഡ്യൂളിന് ശേഷം ഗെറ്റപ്പില്‍ മാറ്റം വരുത്തി എന്നും ഇത് ചിത്രത്തിന്റെ നിര്‍മ്മാണത്തെ തടസ്സപ്പെടുത്താന്‍ ആണ് എന്നും കുറ്റപ്പെടുത്തി ആണ് ജോബി ജോര്‍ജ് ഷെയിന്‍ നിഗത്തിന് എതിരെ വധഭീഷണി മുഴക്കിയത് എന്നാണ് ആരോപണം. ജോബി, ഷെയിനിന്റെ പി.ആര്‍.ഒ യോട് അസഭ്യമായ ഭാഷയില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയും പുറത്ത് വന്നിട്ടുണ്ട്. വെയില്‍ എന്ന ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി താന്‍ അഭിനിയക്കുന്ന മറ്റൊരു ചിത്രമായ കുര്‍ബാനിയുടെ ചിത്രീകരണത്തിന് ആയാണ് ഹെയര്‍ സ്റ്റൈലില്‍ മാറ്റം വരുത്തി എന്നാണ് ഷെയിനിന്റെ വിശദീകരണം.
5. സംസ്ഥാനത്ത് വരാന്‍ ഇരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതികരണം, വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മോഹന്‍കുമാറിന് വേണ്ടി എന്‍.എസ്.എസ് പരസ്യമായി പ്രചരണത്തിന് ഇറങ്ങിയത് ചൂണ്ടിക്കാട്ടി. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കും എന്നും കോടിയേരി ആലപ്പുഴയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
6. ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധം ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്‍.എസ്.എസിന് എതിരെ പരാതി ലഭിച്ചിട്ടില്ല എന്നും പരാതി കിട്ടിയാല്‍ ഉടന്‍ പരിശോധനാ നടപടികളിലേക്ക് കടക്കും എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എന്‍.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിലാണ് പരസ്യ പ്രചാരണം നടത്തുന്നത്.
7. കൂടത്തായി കൊലപാതക പരമ്പര കേസിന്റെ അന്വേഷണം ജോളിയുടെ ബന്ധുക്കളിലേക്കും നീളുന്നു. കൊലപാതക കേസുകളില്‍ നിന്ന് ജോളിയെ രക്ഷപ്പെടുത്താന്‍ സഹോദരന്‍ ശ്രമിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തി. താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് നിര്‍ണ്ണായക വിവരങ്ങളുള്ളത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
8. പിടിയിലാകുമെന്ന് ഉറപ്പായപ്പോള്‍ ജോളി സ്വന്തം നാടായ കട്ടപ്പനയില്‍ പോയി അഭിഭാഷകനെ കണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിന് സഹായം നല്‍കിയത് ജോളിയുടെ സഹോദരനാണ്. അതുകൊണ്ട് മുഴുവന്‍ കൊലപാതകത്തിലും ബന്ധുക്കള്‍ക്കും കൂടി പങ്കുണ്ടോയെന്ന് അന്വേഷിക്കണം എന്നാണ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ അന്വേഷണ സംഘം പറയുന്നത്. കേസന്വേഷണത്തോട് ജോളി പൂര്‍ണ്ണമായും സഹകരിക്കുന്നില്ലന്നും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തെളിവ് ശേഖരണത്തിന് കഴിയുന്നില്ലെന്നും പറയുന്നു.
9. ബി.എസ.്എന്‍.എല്‍ ജീവനക്കാരനായ ജോണ്‍സണും ജോളിയും തമ്മില്‍ സയനൈഡ് കൈമാറ്റം നടത്തിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കണം. അതിനിടെ, ജോളി ജോസഫിന്റെ ഉറ്റ സുഹൃത്തായ യുവതിയെ പൊലീസ് തിരയുന്നു. ജോളിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇവര്‍ക്ക് അറിയാമെന്നാണ് സൂചന. പൊലീസ് പിടിച്ചെടുത്ത ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് എന്‍.ഐ.ടി പരിസരത്തെ തയ്യല്‍ കടയില്‍ ജോലി ചെയ്തിരുന്ന റാണി എന്ന യുവതിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്. ജോളിയുടെ എന്‍.ഐ.ടി ബന്ധത്തിന്റെ ചുരുളഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുപ്പത് വയസ് പ്രായം തോന്നിക്കുന്ന യുവതിക്കായി പൊലീസ് അന്വേഷണം നടത്തുന്നത്