byelection

കോന്നി: വട്ടിയൂർക്കാവിലും കോന്നിയിലും യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി പരസ്യപ്രചാരണത്തിനിറങ്ങിയ എൻ.എസ്.എസിനെതിരെ ബി.ജെ.പി നേതാവും നേമം എം.എൽ.എയുമായ ഒ.രാജഗോപാൽ രംഗത്ത്. ഒരു പാർട്ടിക്ക് വേണ്ടി ജാതി-മത സംഘടനകൾ വോട്ടഭ്യർത്ഥിക്കുന്നത് നിയമവിരുദ്ധമാണെന്നും അവർക്ക് അങ്ങനെ അഭ്യർത്ഥിക്കാൻ അവകാശമില്ലെന്നും രാജഗോപാൽ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടാണ് രാജഗോപാൽ ഇക്കാര്യം വ്യക്തമാക്കിയത്.

എൻ.എസ്.എസ് സ്വീകരിച്ച നിലപാട് വട്ടിയൂർകാവിനെ സംബന്ധിച്ച് മാത്രമല്ല. സംസ്ഥാനത്ത് മൊത്തം അവരുടെ നിലപാട് അങ്ങനെയാണ്. ഇതുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞ നിലപാടിനോട് ഞങ്ങൾ യോജിക്കുന്നു. അതാണ് ചട്ടം. ജാതി-മത സംഘടനകൾ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നത് ന്യായമായ കാര്യമല്ല. അത് നിയമവിരുദ്ധവുമാണ്. അക്കാര്യം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സംശയരഹിതമായി പറഞ്ഞിട്ടുണ്ട്- രാജഗോപാൽ പറഞ്ഞു.

ഒരു വ്യക്തിക്ക് ആവശ്യമെങ്കിൽ ആർക്കുവേണമെങ്കിലും വേണ്ടി പ്രവർത്തിക്കാം. എന്നാൽ സമുദായ സംഘടനകൾ അങ്ങനെയല്ല. അവർക്ക് അവരുടേതായ പങ്ക് വഹിക്കാനുണ്ട്. രാഷ്ട്രീയപാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് പറയാൻ അവർക്ക് അവകാശമില്ലെന്നും രാജഗോപാൽ വ്യക്തമാക്കി. അതേസമയം, ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതിനെതിരെ തിരഞ്ഞടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ പരാതി ലഭിച്ചാൽ പരിശോധിച്ച് നപടിയെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.