fake-judge

മേട്ടുപ്പാളയം: വ്യാജ ജഡ്‌ജി ചമഞ്ഞ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥലമിടപാട് കേസുകളിൽ ഇടപ്പിട്ടിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മേട്ടുപ്പാളയംസ്വദേശി എ.ആർ ചന്ദ്രനെയാണ് (54) ധർമപുരി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പം ഗൺമാനായി നടന്നിരുന്ന തിരുവണ്ണാമല കണ്ണമംഗലംസ്വദേശി കുമാറിനെയും (49) അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളിൽ നിന്ന് തോക്ക് കണ്ടെടുത്തു. പത്താം ക്ലാസ് മാത്രം പാസായ ചന്ദ്രൻ സ്ഥലമിടപാട് സംബന്ധിച്ച ലാൻഡ്‌ ട്രിബ്യൂണൽ ജഡ്‌ജി എന്ന ഐ.ഡി കാർഡുമായാണ് വിലസിയിരുന്നത്.

പട്ടാളത്തിലുള്ള ഉദ്യോഗം ഉപേക്ഷിച്ച് കേന്ദ്രസർക്കാർ അനുമതിയോടുകൂടി സിവിൽക്കേസുകൾ കൈകാര്യംചെയ്യുന്ന ആർബിട്രേഷൻ ജഡ്‌ജിയാണ് താനെന്നാണ് ഇയാൾ ചോദിക്കുന്നവരോട് പറഞ്ഞിരുന്നത്. ഇരുപതോളം വർഷമായി സ്വന്തമായുള്ള കാറിനുമുന്നിൽ ജഡ്‌ജിയെന്ന ബോർഡുമായാണ് യാത്ര. കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങിയശേഷം മേട്ടുപ്പാളയത്തെ വസതിയിലെത്തിച്ചപ്പോഴാണ് ഇരുനിലവീടിന്റെ മുകളിലെ മുറിയിൽ സൂക്ഷിച്ചിരുന്ന വ്യാജരേഖകൾ കണ്ടെടുത്തത്.

ചന്ദ്രനെതിരെയുള്ള സിവിൽക്കേസുകൾ ധർമപുരി, ഹൊസൂർ, സേലം കീഴ്‌ക്കോടതികളിൽ നിലവിലുണ്ടെങ്കിലും കെ.എസ്. ജഗന്നാഥൻ എന്നയാൾ ഹൈക്കോടതിയിൽ പോയതോടെയാണ് ധർമപുരി ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. ഇയാൾ അറസ്റ്റിലായ വിവരമറിഞ്ഞ് പരാതിനൽകാൻ ദിവസവും ആളുകൾ എത്തുന്നുണ്ടെന്ന് ഇൻസ്പെക്ടർ അറിയിച്ചു. വർഷങ്ങൾക്കുമുമ്പ്‌ ചെറിയതോതിലുള്ള പുസ്തകക്കടയാണ് ഇയാൾക്കുണ്ടായിരുന്നതെന്ന് അയൽക്കാർ പറയുന്നു.

സഫാരിസൂട്ട് ധരിച്ച രണ്ട് ആയുധധാരികളായ അംഗരക്ഷകർക്കൊപ്പമാണ് സഞ്ചാരം. മാസത്തിലൊരിക്കൽ രാത്രിയിൽ മാത്രമാണ് ചന്ദ്രൻ വന്നുപോകുന്നതെന്ന് അയൽക്കാർ പറയുന്നു. മേട്ടുപ്പാളയത്ത് മുമ്പ്‌ ഇയാളുടെ പേരിൽ നൽകിയ കേസിൽ പണംനൽകി ഒഴിവായതോടെ കോയമ്പത്തൂർ ജില്ലയിൽ എവിടെയും സ്ഥലമിടപാടിൽ ഇയാൾ ഇടപെടാറില്ല.