ലണ്ടൻ: പുതിയ ബ്രക്സിറ്റ് ഉടമ്പടിക്ക് യൂറോപ്യൻ യൂണിയൻ യൂണിയനും ബ്രിട്ടനും തമ്മിൽ ധാരണയായെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു.ശനിയാഴ്ച ബ്രിട്ടീഷ് പാർലമെന്റ് സമ്മേളനം കരാറിന് അംഗീകാരം നൽകും.
ബോറിസ് ജോൺസനും യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ജീൻ ക്ലോഡ് ജങ്കറും ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
കരാറിന്റെ നിയമവശങ്ങൾ സംബന്ധിച്ച ചർച്ച തുടരുകയാണ്. ബ്രിട്ടീഷ് പാർലമെന്റിന്റെയും യൂറോപ്യൻ യൂണിയന്റെയും അംഗീകാരം കരാറിനു ആവശ്യമാണ്. ഇതിന്റെ ചർച്ചയ്ക്കായി ബോറിസ് ജോൺസൺ ബ്രസൽസിലേക്ക് തിരിക്കും. ബ്രിട്ടന് സ്വന്തമായ നയവും നിയന്ത്രണവുമുള്ള സ്വതന്ത്ര വ്യാപാര കരാർ അടിസ്ഥാനമാക്കി യൂറോപ്യൻ യൂണിയനുമായി ബന്ധത്തിനു താത്പര്യപ്പെടുന്നതായി പുതിയ നിർദേശത്തിൽ പറയുന്നു.
വടക്കൻ അയർലൻഡിനെ പൊതുവായ കസ്റ്റംസ് യൂണിയൻ വിട്ട് യൂറോപ്യൻ യൂണിയന്റെ പൊതു വിപണിയിൽ നിലനിറുത്താനുള്ള നിർദ്ദേശവുമുണ്ട്.
അതേസമയം, ബ്രക്സിറ്റിൽ ധാരണയായെന്ന വാർത്തകൾ പരന്നതോടെ ബ്രിട്ടീഷ് പൗണ്ടിന്റെ വിനിമയ നിരക്ക് ഒരു ശതമാനത്തോളം ഉയർന്നു.
പ്രതിഷേധവുമായി പ്രതിപക്ഷം
പുതിയ ധാരണയ്ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. തെരേസ മേയേക്കാൾ മോശം കരാറിലാണ് ബോറിസ് ജോൺസൺ ഏർപ്പെടുന്നതെന്നും എം.പിമാർ ഇതിനെ എതിർക്കണമെന്നും ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ പറഞ്ഞു. പുതിയ കരാറിലെ നിർദ്ദേശങ്ങൾ ഭക്ഷ്യ സുരക്ഷയെ തകരാറിലാക്കും. കൂടാതെ, ബ്രിട്ടന്റെ സൗജന്യ ആരോഗ്യ സംവിധാനം സ്വകാര്യ യു.എസ് കോർപ്പറേറ്റുകൾ ഏറ്റെടുക്കുന്നതിന് വഴി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ലിബറൽ ഡെമോക്രാറ്റ് നേതൃത്വവും, ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയും പുതിയ ധാരണയ്ക്കെതിരെ പ്രതികരിച്ചു.
പുതിയകരാറും പാടുപെടും
കഴിഞ്ഞ ജൂലായിൽ അധികാരമേറ്റ ബോറിസ് ജോൺസൻ കരാറോടെയോ അല്ലാതെയോ അന്തിമ സമയപരിധിയായ ഒക്ടോബർ 31നകം ബ്രക്സിറ്റ് നടപ്പാക്കുമെന്നു പറഞ്ഞിരുന്നു. ജോൺസന്റെ മുൻഗാമി തെരേസ മേയുടെ കരാർ നിർദേശങ്ങൾ ബ്രിട്ടിഷ് പാർലമെന്റ് മൂന്നു വട്ടമാണ് തള്ളിയത്. ജോൺസന്റെ പുതിയ കരാറിനും ബ്രിട്ടിഷ് പാർലമെന്റിന്റെ അംഗീകാരം നേടുക എളുപ്പമല്ലെന്നാണ് വിലയിരുത്തൽ. മേയുടെ മുൻഗാമിയായിരുന്ന ഡേവിഡ് കാമറൂണിനും അധികാരം നഷ്ടപ്പെട്ടത് ബ്രക്സിറ്റിൽ തട്ടിത്തന്നെയാണ്.