sabarimala

ശബരിമല: തുലാമാസ പൂജകൾക്കായി ഇന്നലെ ശബരിമല നട തുറന്നതോടെ, ദർശനത്തിന് യുവതികളെത്തുമെന്ന അഭ്യൂഹം ശക്തമായി.

കഴിഞ്ഞ ജനുവരി രണ്ടിന് പൊലീസ് സംരക്ഷണയിൽ ശബരിമല ദർശനം നടത്തിയ ബിന്ദു അമ്മിണിയുടെ നേതൃത്വത്തിലുള്ള സംഘം 20 ന് എത്തുമെന്നാണ് അഭ്യൂഹം .ബിന്ദു അമ്മിണി 19 ന് പത്തനംതിട്ട പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്. 21ന് സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ശബരിമലയിലെത്താൻ ഇവർക്ക് പിന്തുണയോ സംരക്ഷണമോ ലഭിക്കില്ലെന്നതിനാൽ പൊലീസ് ഇൗ സാദ്ധ്യത തള്ളിക്കളയുന്നു.

സാധാരണ മാസപൂജാ കാലത്ത് നിന്ന് വ്യത്യസ്തമായി ഇത്തവണ നിലയ്ക്കലിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഇതെന്നാണ് പൊലീസ് പറയുന്നത് . എസ്.പി റജി ജേക്കബിന്റെ നേതൃത്വത്തിൽ 280 പൊലീസുകാരുണ്ട്. ഒാരോ എസ്.പിയുടെ കീഴിൽ പമ്പയിൽ മുന്നൂറും സന്നിധാനത്ത് മുന്നൂറ്റമ്പതും പൊലീസുകാരുണ്ട്. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചിട്ട് ഒരു വർഷം പൂർത്തിയായി.