ലോകസമാധാനവും ജനങ്ങൾ തമ്മിലുള്ള സൗഹൃദവും കാത്തുസൂക്ഷിക്കുന്നതിനുമായാണ് രണ്ടാംലോകമഹായുദ്ധാനന്തരം ഐക്യരാഷ്ട്രസംഘടന രൂപീകൃതമായത്. 1945 ഒക്ടോബർ 24-ന് അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ നടന്ന ആദ്യസമ്മേളനത്തിൽ സംഘടനയുടെ ചാർട്ടർ അംഗീകരിക്കപ്പെട്ടു. സംഘടന ഇന്ന് 74 വർഷം പൂർത്തിയാക്കി 75 ലേക്ക് കടക്കുകയാണ്. അമേരിക്കൻ പ്രസിഡന്റായിരുന്ന ഫ്രാങ്ക്ലിൻ ഡി. റൂസ്വെൽറ്റാണ് ഐക്യരാഷ്ട്രസംഘടന എന്ന പേര് നിർദ്ദേശിച്ചത്. 50 അംഗങ്ങളുമായി തുടങ്ങിയ സംഘടനഇന്ന് ലോകജനസംഖ്യയുടെ 99 ശതമാനത്തെ പ്രതിനിധീകരിക്കുന്ന ഇരുനൂറോളം രാജ്യങ്ങളുടെ കൂട്ടായ്മയാണ്. മനുഷ്യാവകാശ സംരക്ഷണം എന്നത് സംഘടനയുടെ പ്രധാന വിഷയമായി ആരംഭകാലം മുതൽ തന്നെ അംഗീകരിക്കപ്പെട്ടിരുന്നു. വർണവൈരത്തിൽനിന്നും യുദ്ധക്കെടുതികളിൽ നിന്നും ഭാവിതലമുറയെ കാത്തുസംരക്ഷിക്കുകയും സംഘട്ടനങ്ങൾക്ക് അറുതി വരുത്തുകയുമാണ് സംഘടനയുടെ ലക്ഷ്യം
അനിവാര്യമായ ഘടനാമാറ്റങ്ങൾ
സാമൂഹിക സേവന പ്രവർത്തനങ്ങൾക്കൊപ്പം സംഘടനയുടെ നയവും ലക്ഷ്യവും പ്രാവർത്തികമാക്കുന്നതിന് ഘടനാപരമായ മാറ്റങ്ങൾ ആവശ്യമായിരിക്കുന്ന കാലഘട്ടമാണിത്. സമാധാന പരിപാലനത്തിന് ചുമതലപ്പെട്ട പ്രധാന ഏജൻസിയായ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെ എണ്ണം അഞ്ചിൽ നിന്ന് പതിനൊന്നായി വർദ്ധിപ്പിക്കണമെന്ന ആവശ്യം വർഷങ്ങളായുള്ളതാണ്. വികസ്വര രാജ്യങ്ങളെകൂടി സ്ഥിരാംഗങ്ങളുടെ പട്ടികയിൽപ്പെടുത്തണമെന്ന പ്രധാന ആവശ്യം നാളിതുവരെ നിറവേറ്റിയില്ല. ഇതിനായി ലക്ഷ്യബോധത്തോടെയുള്ള നീക്കങ്ങൾ ഉണ്ടാവുന്നില്ല. ലോകസമാധാനം കാക്കുക എന്നത് സംഘടനയുടെ അടിസ്ഥാന പ്രമാണമാണെന്നിരിക്കെ, പഴയകാല ശാക്തിക ബലാബലങ്ങളുടെ അടിസ്ഥാനത്തിൽ രക്ഷാസമിതിയുടെ ഘടനയ്ക്ക് മാറ്റം വരുത്താതിരിക്കുന്നത് സംഘടനയുടെ മുന്നോട്ടുള്ള പോക്കിന് തടസമായേക്കാം.
നിലവിലെ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ രക്ഷാസമിതിയുടെ ഘടനയ്ക്ക് മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഇന്ത്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ രക്ഷാസമിതിയിലെ സ്ഥിരം അംഗത്വത്തിനായി വാതിലിൽ മുട്ടാൻ തുടങ്ങിയിട്ട് കാലമേറെയായി. തുറക്കുന്നില്ല എന്നുമാത്രം. സ്ഥിരാംഗങ്ങളുടെ എണ്ണം 11 (പതിനൊന്ന്) ആക്കുകയും 12 താത്കാലിക അംഗങ്ങളെ തിരഞ്ഞെടുക്കുകയും വേണമെന്ന നിർദ്ദേശം സംഘടനയുടെ അൻപതാം വാർഷികാഘോഷ വേളയിൽ (1995) ചർച്ചാവിഷയമായിരുന്നു. എന്നാലതു തുടർന്നു കണ്ടില്ല. ഘടനാപരമായ മാറ്റത്തിനൊപ്പം സ്ഥിരാംഗങ്ങളുടെ വീറ്റോ അധികാരത്തിന് നിയന്ത്രണം വേണമെന്ന നിർദ്ദേശവുമുണ്ടായി. ഉപരോധം ഏർപ്പെടുത്തൽ, സൈനിക ഇടപെടൽ തുടങ്ങിയ കാര്യങ്ങളിൽ മാത്രം വീറ്റോ അധികാരം പരിമിതപ്പെടുത്തണമെന്നാണ് പൊതുവെയുള്ള ധാരണ. ഒരുപക്ഷേ ഈ നീക്കത്തിൽ തട്ടിയാവാം രക്ഷാസമിതിയുടെ ഘടനാപരമായ മാറ്റമെന്ന ആവശ്യം തന്നെ നിരാകരിക്കപ്പെട്ടത്.
മനുഷ്യാവകാശ സംരക്ഷണം
അംഗരാജ്യങ്ങളിലാകെ ജനാധിപത്യ ഭരണസംവിധാനം നിലനില്ക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. ജനാധിപത്യപ്രക്രിയയിൽ മനുഷ്യാവകാശങ്ങൾക്ക് പരമപ്രധാന സ്ഥാനമാണുള്ളത്. ജനായത്ത തത്വങ്ങളും മനുഷ്യാവകാശങ്ങളും ഉറപ്പുവരുത്തുന്നതിന് ഐക്യരാഷ്ട്രസംഘടന നേതൃത്വപരമായ പങ്കുവഹിക്കുന്നു എങ്കിലും മിക്ക അവസരങ്ങളിലും അംഗരാജ്യങ്ങൾ പലതിലും അടിസ്ഥാന മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നതായാണ് അനുഭവം. ഇത്തരം സാഹചര്യങ്ങളിൽ ആഭ്യന്തര ഇടപെടലിലൂടെ നടപടികൾ സ്വീകരിക്കാൻ ആവശ്യമായ അധികാരമോ ശേഷിയോ സംഘടനയ്ക്കില്ല.
മനുഷ്യാവകാശ സംരക്ഷണനടപടികൾ ക്രോഡീകരിക്കാനായി സെക്രട്ടറി ജനറലിന് അനുവദിച്ചിരിക്കുന്ന തുക അപര്യാപ്തമാണ്. മനുഷ്യാവകാശ സംരക്ഷണ നടപടികൾ ഏകോപിപ്പിക്കുന്നതിന് മനുഷ്യാവകാശ കമ്മിഷണറെ നിയമിച്ചിട്ടുണ്ട്. അംഗരാജ്യങ്ങളിലെ മനുഷ്യാവകാശ ധ്വംസനങ്ങൾ വീക്ഷിച്ച് റിപ്പോർട്ട് ചെയ്യുക എന്നതാണ് കമ്മിഷണറുടെ പ്രധാന ചുമതല. വർദ്ധിച്ചുവരുന്ന അക്രമ-തീവ്രവാദ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി അന്താരാഷ്ട്ര ക്രിമിനൽ കോടതി സ്ഥാപിക്കണമെന്ന ആവശ്യവുമുണ്ട്. നിലവിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിക്കു പുറമേയാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി എന്ന ആവശ്യം ഉയരുന്നത്. അന്താരാഷ്ട്ര സ്വഭാവമുള്ള ക്രിമിനൽ കേസുകൾക്കൊപ്പം മനുഷ്യാവകാശ ധ്വംസനങ്ങളും ഇതിന്റെ പരിധിയിൽ കൊണ്ടുവരിക എന്നതാണ് ഉദ്ദേശ്യം.
സാമ്പത്തിക സ്ഥിതി
വർദ്ധിച്ചുവരുന്ന ചെലവുകൾ വഹിക്കുന്നതിന് അംഗരാജ്യങ്ങൾ നല്കി വരുന്ന വിഹിതം കൂട്ടുന്നതിനൊപ്പം അന്താരാഷ്ട്ര ആയുധക്കച്ചവടം, ഇന്ധനവില്പന, കപ്പൽ-വിമാന നിരക്കുകൾ എന്നിവയുടെമേൽ സംഘടന നികുതി ചുമത്തണമെന്ന വാദം ഉന്നയിക്കപ്പെട്ടു. പക്ഷേ ലോകസമാധാനം കാത്തുസൂക്ഷിക്കാൻ രൂപീകൃതമായ സംഘടന ആയുധക്കച്ചവടം പ്രോത്സാഹിപ്പിക്കുന്നതിലെ അപാകത പല അംഗരാജ്യങ്ങളും ചൂണ്ടിക്കാട്ടിയതോടെ വാദം മുന്നോട്ടു കൊണ്ടുപോകാനായില്ല. സംഘടനയുടെ ആസ്ഥാനത്ത് കാര്യങ്ങൾ അത്ര പന്തിയല്ല എന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറാസ് ഇക്കഴിഞ്ഞ നാൾ ജീവനക്കാർക്ക് അയച്ച കത്ത് വ്യക്തമാക്കുന്നു. കരുതൽ ശേഖരത്തിലും ഇടിവുണ്ടത്രെ. ലോകഗവൺമെന്റ് എന്ന് കരുതപ്പെടുന്ന സംഘടനയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. ശീതയുദ്ധകാലത്തുപോലും ഇത്തരമൊരു അവസ്ഥ ഉണ്ടായിരുന്നില്ല എന്നത് അംഗരാജ്യങ്ങളെ ഇരുത്തി ചിന്തിപ്പിക്കാൻ പോന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു.
ലോകത്ത് നിലനില്ക്കുന്ന ഭിന്നതയും സംഘർഷവും പരിഹരിക്കുന്നതിന് സമയോചിത ഇടപെടലുകൾ നടത്തുന്നതിന് സംഘടനയ്ക്ക് കഴിഞ്ഞിരുന്നില്ല എന്നതാവാം അംഗരാജ്യങ്ങൾക്ക് സംഘടനയോട് താത്പര്യക്കുറവ് വരുത്താനിടയാക്കിയത്. ഇത്തരത്തിൽ ഒരു വേദിയുടെ ആവശ്യം ഇനിയുണ്ടോ എന്ന സംശയം പല കോണുകളിൽ നിന്ന് ഉയരുമ്പോഴും മനുഷ്യാവകാശ സംരക്ഷണത്തിന് ഐക്യരാഷ്ട്രസംഘടന സ്വീകരിക്കുന്ന നടപടികളും നയസമീപനങ്ങളും ഒന്നും ഇല്ലാത്തതിനെക്കാൾ നല്ലതല്ലേ എന്തെങ്കിലും എന്ന സമീപനമാണ് ഭൂരിപക്ഷത്തിനും. സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഉതകുന്ന സമീപനമാണിത്. കഴിഞ്ഞ 74 വർഷത്തെ പ്രവർത്തനഫലമായി ലോകസമാധാനവും അംഗരാജ്യങ്ങൾക്കിടയിലും ജനങ്ങൾ തമ്മിലും ഉള്ള സൗഹൃദവും പരിപോഷിപ്പിക്കാൻ നേതൃത്വം നല്കി എന്നതിനപ്പുറം മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാനായി എന്നത് ഐക്യരാഷ്ട്രസംഘടനയുടെ നിലനില്പും പ്രസക്തിയും വർദ്ധിപ്പിക്കുന്നു.
ലേഖകന്റെ ഇ - മെയിൽ : lalujoseph@gmail.com, ഫോൺ 9847835566