മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കസ്റ്റഡിയിലെടുത്ത ഒരു സ്ത്രീ അടക്കം 311 ഇന്ത്യക്കാരെ നാടുകടത്തി. അനധികൃതമായി അതിർത്തി കടക്കുന്നവരെ തടയണമെന്ന അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്നാണ് മെക്സിക്കോയുടെ നടപടി. ഇതാദ്യമായാണ് മെക്സിക്കോയുടെ ഭാഗത്തു നിന്ന് ഇത്തരമൊരു നടപടിയുണ്ടാകുന്നത്. രാജ്യത്ത് സ്ഥിരമായി താമസിക്കാനുള്ള വ്യവസ്ഥകൾ പാലിക്കാത്തവരെയാണ് നാടുകടത്തിയതെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. ടോലുക്ക സിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബോയിംഗ് 747 വിമാനത്തിൽ ന്യൂഡൽഹിയിലേക്കാണ് ഇവരെ കയറ്റിവിട്ടതെന്ന് നാഷണൽ മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
മെക്സിക്കോയുടെ അതിർത്തികളിലൂടെ അനധികൃതമായി അമേരിക്കയിലേക്ക് പ്രവേശിക്കുന്നവരെ തടഞ്ഞില്ലെങ്കിൽ മെക്സിക്കോയിൽ നിന്നുള്ള മുഴുവൻ ഇറക്കുമതിക്കും തീരുവ ഏർപ്പെടുത്തുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെ തുടർന്നാണ് നടപടി. ഇതേത്തുടർന്ന് അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിക്കാനും കുടിയേറ്റക്കാരെ തിരിച്ചെടുക്കാനുള്ള നയം വിപുലീകരിക്കാനും മെക്സിക്കോ സമ്മതിച്ചിരുന്നു. ഫെഡറൽ മൈഗ്രേഷൻ ഏജന്റുമാരും നാഷണൽ ഗാർഡിലെ അംഗങ്ങളും വെരാക്രൂസിലെ അക്കായുകൻ മൈഗ്രേഷൻ സ്റ്റേഷനിൽ എത്തിയാണ് നാടുകടത്തേണ്ടവരുടെ തിരിച്ചറിയലും തുടർന്നുള്ള കൈമാറ്റവും നടത്തിയത്.