sensex

കൊച്ചി: വിദേശ നിക്ഷേപകർ വീണ്ടും ഇന്ത്യൻ ഓഹരികളോട് പ്രിയം കാട്ടിത്തുടങ്ങിയതോടെ സെൻസെക്‌സും നിഫ്‌റ്റിയും ഇന്നലെ വൻ മുന്നേറ്രം നടത്തി. സെൻസെക്‌സ് 453 പോയിന്റുയർന്ന് 39,052ലും നിഫ്‌റ്റി 122 പോയിന്റ് മുന്നേറി 11,586ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. തുടർച്ചയായ അഞ്ചാംദിനമാണ് ഓഹരി സൂചികകൾ നേട്ടമുണ്ടാക്കുന്നത്.

സാമ്പത്തിക മാന്ദ്യമകറ്റാൻ കൂടുതൽ പരിഷ്‌കരണ നടപടികൾ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വിദേശ നിക്ഷേപകരുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ വ്യക്തമാക്കിയതാണ് ഓഹരിക്കുതിപ്പിന് വളമായത്. ബ്രെക്‌സിറ്റ് ചർച്ചകളെ തുടർന്ന് യൂറോപ്പ്, ഏഷ്യൻ (ചൈന ഒഴികെ) ഓഹരികളിലുണ്ടായ മുന്നേറ്റവും ഇന്ത്യയിൽ പ്രതിഫലിച്ചു. ചൈനീസ് ഓഹരികൾ ഇന്നലെ നഷ്‌ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

യെസ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഓട്ടോ, ടാറ്രാ സ്‌റ്റീൽ, എസ്.ബി.ഐ., ഏഷ്യൻ പെയിന്റ്‌സ് എന്നിവയാണ് ഇന്നലെ നേട്ടമുണ്ടാക്കിയ ഓഹരികൾ. എച്ച്.സി.എൽ., ടെക് മഹീന്ദ്ര, കോട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, വേദാന്ത, പവർഗ്രിഡ്, ഒ.എൻ.ജി.സി എന്നിവ നഷ്‌ടം നേരിട്ടു. ഇന്ത്യൻ രൂപ ഇന്നലെ ഡോളറിനെതിരെ 27 പൈസ ഉയർന്ന് 71.16ലും വ്യാപാരം അസാനിപ്പിച്ചു.