snake

കാട്ടാക്കട: കള്ളിക്കാട്ട് തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തിൽ പെരുമ്പാമ്പ് ചുറ്റിയതിന്റെ യഥാർത്ഥ വീഡിയോ പുറത്ത്. കൂടെയുണ്ടായിരുന്നവരുടെ സമയോചിത ഇടപെടൽ കാരണം തൊഴിലാളി രക്ഷപ്പെട്ടത്.. കള്ളിക്കാട് പെരുംകുളങ്ങര പത്മ വിലാസത്തിൽ ഭുവനചന്ദ്രൻ നായരുടെ കഴുത്തിലാണ് പെരുമ്പാമ്പ് ചുറ്റിയത്. പിടികൂടിയ ശേഷം പാമ്പിനെ ക‍ഴുത്തിലിട്ടാണ് തൊ‍ഴിലാളികൾ നടന്ന് വരുന്നത്. ഇതിനിടയിൽ ഒരാളുടെ പിടിവിട്ട് പോയപ്പോ‍ഴാണ് പാമ്പ് തൊ‍ഴിലാളിയുടെ ക‍ഴുത്തിൽ കുരുക്ക് മുറുക്കുന്നത്.

നെയ്യാർഡാം കിക്മ കോളേജ് കോമ്പൗണ്ടിൽ തൊഴിലുറപ്പ് ജോലിക്കായാണ് ഭുവനചന്ദ്രൻ നായരും സംഘവും എത്തിയത്. തൊഴിലുറപ്പ് തൊഴിലിന്റെ ഭാഗമായി കാട് വെട്ടിത്തളിക്കുന്നതിനിടെ തൊഴിലാളികൾ പെരുമ്പാമ്പിനെ കണ്ടെത്തുകയായിരുന്നു. ഇതിനെ കഴുത്തിലിട്ട് വരുമ്പോഴാണ് പാമ്പ് കഴുത്ത് മുറുക്കുന്നത്. സംഭവം കണ്ട് കൂടെയുണ്ടായിരുന്ന തൊഴിലാളികൾ പാമ്പിന്റെ കഴുത്തിലും വാലിലും പിടിച്ചുവലിച്ച് പാമ്പിനെ കഴുത്തിൽ നിന്നു വേർപെടുത്തി ഇദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു. അല്പസമയംകൂടി പാമ്പ് ചുറ്റിയിരുന്നുവെങ്കിൽ ഇയാളുടെ ജീവന് തന്നെ ഭീഷണിയാവുമായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. പിടികൂടിയ പെരുമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ വനത്തിലേക്ക് കയറ്റി വിട്ടു.