വാഷിംഗ്‌ടൺ: മൈക്രോസോഫ്‌റ്റ് സി.ഇ.ഒയും ഇന്ത്യൻ വംശജനുമായ സത്യ നദേല 2018-19ൽ സ്വന്തമാക്കിയ വേതനം 4.29 കോടി ഡോളർ (ഏകദേശം 300 കോടി രൂപ). 2017-18നെ അപേക്ഷിച്ച് വേതനത്തിലുണ്ടായ വർദ്ധന 66 ശതമാനമാണ്.
23 ലക്ഷം ഡോളറാണ് നദേലയുടെ അടിസ്ഥാന ശമ്പളം. സ്‌റ്റോക്ക് അവാർഡായി 2.96 കോടി ഡോളറും നോൺ - ഇക്വിറ്റി ഇൻസെന്റീവ് കോമ്പൻസേഷനായി 1.07 കോടി ഡോളറും മറ്റു കോമ്പൻസേഷനുകളായി 1.11 ലക്ഷം ഡോളറും അദ്ദേഹത്തിന് കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ചു. 2.58 കോടി ഡോളറായിരുന്നു (ഏകദേശം 180 കോടി രൂപ) 2017-18ൽ നദേല കൈപ്പറ്റിയ വേതനം.
ഹൈദരാബാദ് സ്വദേശിയായ സത്യ നദേല (52) മൈക്രോസോഫ്‌റ്റ് സി.ഇ.ഒ പദവിയിൽ എത്തിയത് 2014ലാണ്. അദ്ദേഹത്തിന്റെ കീഴിൽ കമ്പനി കാഴ്‌ചവയ്‌ക്കുന്ന മികച്ച പ്രവർത്തനത്തിന്റെ ഫലമാണ് വേതനത്തിലുണ്ടായ വർദ്ധനയെന്ന് മൈക്രോസോഫ്‌റ്റിന്റെ സ്വതന്ത്ര ഡയറക്‌ടർമാർ വ്യക്തമാക്കി.
ശമ്പള വമ്പന്മാർ!
(2018)
സത്യ നദേല - $4.29 കോടി
(മൈക്രോസോഫ്‌റ്റ് സി.ഇ.ഒ)
സുന്ദർ പിച്ചൈ - $1.90 കോടി
(ഗൂഗിൾ സി.ഇ.ഒ)
ടിം കുക്ക് - $1.57 കോടി
(ആപ്പിൾ സി.ഇ.ഒ)