p-chidambaram-

ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ തിഹാർ ജയിലിൽ റിമാൻഡിലായിരുന്ന മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. റിമാൻഡ് കാലാവധി അവസാനിച്ചതിനെതുടർന്ന് കോടതിയിൽ ഹാജരാക്കിയ ചിദംബരത്തെ കൂടുതൽ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഒരു മാസത്തിലേറെയായി തിഹാർ ജയിലിൽ കഴിയുന്ന ചിദംബരം ജയിലിൽനിന്ന് ഇറങ്ങി.

എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ പ്രത്യേക സെല്ലും വീട്ടില്‍ പാകംചെയ്ത ഭക്ഷണവും വെസ്റ്റേൺ ടോയ്‌ലെറ്റും മരുന്നുകളും ലഭ്യമാക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

എ.സി വേണമെന്ന ആവശ്യത്തെ എൻഫോഴ്‌സ്‌മെന്റിനുവേണ്ടി ഹാജരായ അഭിഭാഷകൻ എതിർത്തു. ചിദംബരത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും വീട്ടിൽനിന്നുള്ള ഭക്ഷണവും വെസ്റ്റേൺ ടോയ്‌ലെറ്റും അനുവദിക്കുമെന്നും കുടുംബാംഗങ്ങൾക്ക് അദ്ദേഹത്തെ സന്ദർശിക്കാൻ അനുമതി നല്‍കുമെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്.