മരട്:പൊളിക്കാനുള്ള ഫ്ളാറ്റുകൾ കരാറുകാർക്ക് കൈമാറുന്ന കാര്യത്തിൽ നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗം ഇന്നലെയും തീരുമാനമെടുത്തില്ല. ഫ്ളാറ്റ് പൊളിക്കലിന്റെ ടെൻഡർ ഉൾപ്പെടെ എല്ലാനടപടികളും സർക്കാർ സ്വീകരിക്കുകയും പൊളിക്കാനുളള പ്രാഥമിക നടപടികൾക്ക് നഗരസഭയോട് ആലോചിക്കാതെ കളക്‌ടർ പച്ചക്കൊടി കാട്ടുകയും ചെയ്ത സാഹചര്യത്തിലാണ് കൈമാറുന്ന തീരുമാനം വേണ്ടെന്ന നിലപാട്. സുപ്രീംകോടതി തീരുമാനത്തെ നഗരസഭ ബഹുമാനിക്കുന്നുവെന്നും വിധി നടപ്പാക്കാൻ സർക്കാർ എടുക്കുന്ന നടപടികളെ നഗരസഭ പിന്തുണയ്‌ക്കുന്നുവെന്നും കൗൺസിൽ വ്യക്തമാക്കി.
ഫ്ളാറ്റ് പൊളിക്കുന്നതിന്റെ ചുമതലയുള്ള സബ്കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഇന്നലെ യോഗത്തിൽ പങ്കെടുത്തില്ല.12ന് ചേർന്ന കൗൺസിൽ യോഗത്തിൽ അതുവരെ കൈക്കൊണ്ട നടപടികൾ സബ്കളക്ടർ വിശദീകരിക്കുകയും ഫ്ളാറ്റുകൾ പൊളിക്കാൻ കരാറുകാർക്ക് കൈമാറുന്നതിന് തീരുമാനമെടുക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ അജണ്ടയിൽ ഉൾപ്പെടുത്തിയില്ലെന്ന കാരണത്താൽ അന്ന് തീരുമാനമെടുത്തില്ല. തുടർന്നാണ് അജണ്ടയിൽ ഉൾപ്പെടുത്തി കൗൺസിൽ ഇന്നലെ ഇക്കാര്യം പരിഗണിച്ചത്.
ഫ്ളാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി കരാറുകാർ രാവിലെ പൂജകൾ തുടങ്ങിയതായി നേരത്തെ പരിസര വാസികൾ നഗരസഭയിൽ എത്തി അറിയിച്ചിരുന്നു. നിയന്ത്രിത സ്‌ഫോടനത്തിലുടെ ഫ്ളാറ്റുകൾ പൊളിക്കുന്നതിന്റെ ആഘാതം പഠിക്കാനുളള ഒരുക്കങ്ങളുടെ പ്രാഥമിക ചടങ്ങ് മാത്രമാണ് ഇതെന്ന് നഗരസഭാ സെക്രട്ടറി എം.മുഹമ്മദ് ആരീഫ് ഖാൻ അറിയിച്ചു.പത്ത് ദിവസം കൊണ്ട് പഠനം പൂർത്തിയാക്കി റിപ്പോർട്ട് തയ്യാറാക്കാനാണ് പദ്ധതി. റിപ്പോർട്ട് കിട്ടിയശേഷം പരിസരവാസികളുടെ ആശങ്കകൾ പരിഹരിക്കാനുള്ള നടപടികൾ തീരുമാനിക്കുമെന്ന് സെക്രട്ടറി വ്യക്തമാക്കി. നഗരസഭയെ അറിയിക്കാതെ ഫ്ളാറ്റ് പൊളിക്കാനുള്ള പ്രാഥമിക നടപടി തുടങ്ങിയത് നഗരസഭയേയും ജനപ്രതിനിധികളേയും അവഹേളിക്കുന്നതിന് തുല്യമാണെന്ന് ചെയർപേഴ്സൻ ടി.എച്ച്.നദീറപറഞ്ഞു
--