കൊച്ചി : പൊലീസ് ഹാജരാക്കുന്ന പ്രതികളോട് പരാതിയുണ്ടോ, എന്തെങ്കിലും പറയാനുണ്ടോ എന്നീ പതിവു ചോദ്യങ്ങൾ ഒഴിവാക്കി കസ്റ്റഡിയിൽ മർദ്ദനമേറ്റോയെന്ന് ജുഡിഷ്യൽ ഒാഫീസർമാർ വ്യക്തമായി ചോദിച്ച് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഹൈക്കോടതി സബോർഡിനേറ്റ് ജുഡിഷ്യറി രജിസ്ട്രാർ സെഷൻസ് ജഡ്ജിമാർക്കും ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റുമാർക്കുമായി ഇറക്കിയ പ്രത്യേക സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രതികൾക്ക് കസ്റ്റഡിയിൽ മർദ്ദനമേറ്റോയെന്ന് ഉറപ്പാക്കേണ്ട ബാദ്ധ്യത ജുഡിഷ്യൽ ഒാഫീസർമാർക്കാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഒരു പ്രതിക്ക് കസ്റ്റഡിയിൽ മർദ്ദനമേറ്റകാര്യം മജിസ്ട്രേട്ടിന്റെ ശ്രദ്ധയിൽപെടാതെ പോയതും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിന്റെ പശ്ചാത്തലത്തിലാണ് സർക്കുലർ ഇറക്കിയിട്ടുള്ളതെങ്കിലും ഇക്കാര്യം വ്യക്തമായി പരാമർശിച്ചിട്ടില്ല.
സുപ്രധാന നിർദ്ദേശങ്ങൾ
പ്രതിക്ക് കസ്റ്റഡിയിൽ മർദ്ദനമേറ്റോ എന്ന് വ്യക്തമായി ചോദിച്ചറിയണം.
അറസ്റ്റിനെക്കുറിച്ചും കസ്റ്റഡി മർദ്ദനത്തെക്കുറിച്ചും പരാതിയുണ്ടോയെന്ന് ചോദിച്ച് കാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തണം.
പ്രതിക്ക് ശാരീരിക ബുദ്ധിമുട്ടോ മുറിവോ ഉണ്ടെങ്കിൽ അക്കാര്യവും രേഖപ്പെടുത്തണം.ശാരീരികമായി പരിക്കേറ്റ നിലയിലാണ് ഹാജരാക്കുന്നതെങ്കിൽ പരിക്കിന്റെ വിവരങ്ങൾ ചോദിച്ചു മനസിലാക്കണം.ഉടൻ വൈദ്യ സഹായം നൽകാൻ ജയിൽ സൂപ്രണ്ടിന് നിർദ്ദേശം നൽകണം. തുടർ നടപടിയും മെഡിക്കൽ റിപ്പോർട്ടും 24 മണിക്കൂറിനകം ജയിൽ സൂപ്രണ്ടിൽ നിന്ന് ലഭ്യമാക്കണം.
റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങളും പ്രതി പറയുന്ന കാര്യങ്ങളും തമ്മിൽ വൈരുദ്ധ്യമുണ്ടോയെന്ന് പരിശോധിക്കണം. റിമാൻഡ് ഒാർഡറിൽ ജുഡിഷ്യൽ ഒാഫീസറുടെ കണ്ടെത്തലുകൾ രേഖപ്പെടുത്തണം.
ആശുപത്രിയിലെത്തി റിമാൻഡ് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിക്ക് സുരക്ഷ ഉറപ്പാക്കാൻ ജയിൽ സൂപ്രണ്ടിന് നിർദ്ദേശം നൽകണം. ജുഡിഷ്യൽ ഒാഫീസർമാർ പൊലീസ് വാഹനം ഉപയോഗിക്കരുത്.