ന്യൂഡൽഹി: രാജ്യത്ത് ഇന്ധന ഉപഭോഗം സെപ്‌തംബറിൽ രണ്ടുവർഷത്തെ താഴ്‌ചയിലെത്തിയെന്ന് (പി.പി.എ.സി) വ്യക്തമാക്കി. 16.01 മില്യൺ ടൺ ഇന്ധനമാണ് കഴിഞ്ഞമാസം വിറ്റഴിഞ്ഞത്. 2017 ജൂലായിന് ശേഷം കുറിക്കുന്ന ഏറ്റവും കുറഞ്ഞ ഉപഭോഗമാണിത്. 2018 സെപ്‌തംബറിനെ അപേക്ഷിച്ച് 0.3 ശതമാനമാണ് ഇടിവ്.

വാഹന ഇന്ധനമായും വ്യാവസായിക ആവശ്യത്തിനും വൻതോതിൽ ഉപയോഗിക്കുന്ന ഡീസലിന്റെ ഡിമാൻഡ് മൂന്നു ശതമാനം കുറഞ്ഞ് 5.83 മില്യൺ ടണ്ണായി. റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമെൻ വില്‌പന 7.3 ശതമാനവും ഫ്യുവൽ ഓയിൽ വില്‌പന 3.8 ശതമാനവും കുറഞ്ഞു. അതേസമയം, പെട്രോൾ വില്‌പന 6.3 ശതമാനം വർദ്ധിച്ച് 2.37 മില്യൺ ടണ്ണായി. എൽ.പി.ജി വില്‌പന ആറു ശതമാനം വർദ്ധിച്ച് 2.18 മില്യൺ ടണ്ണിലുമെത്തി. നാഫ്‌ത വില്‌പനയിൽ 26 ശതമാനം ഇടിവുണ്ട്.