ശബരിമല: ശബരിമലയിലെയും മാളികപ്പുറത്തെയും നിയുക്ത മേൽശാന്തിമാരായ എ.കെ.സുധീർ നമ്പൂതിരിയും എം.എസ്. പരമേശ്വരൻ നമ്പൂതിരിയും തുലാമാസ പൂജയ്ക്ക് ഇന്നലെ നടതുറന്നപ്പോൾ ദർശനം നടത്തി. ഇരുവരേയും ഇപ്പോഴത്തെ മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി പതിനെട്ടാം പടിയിലേക്ക് ആനയിച്ച് കൈപിടിച്ചു കയറ്റി. തുടർന്ന് ഇരുമുടിക്കെട്ടുമായി പുതിയ മേൽശാന്തിമാർ അയ്യപ്പനെ തൊഴുതു. ഇന്നു മുതൽ ഇരു മേൽശാന്തിമാരും പുറപ്പെടാ ശാന്തിമാരായിരിക്കും. ഒരു മാസം ശബരിമലയിലും മാളികപ്പുറത്തുമായി ഭജനമിരിക്കും. വൃശ്ചികം ഒന്നിനാണ് ഇവർ ചുമതയേൽക്കുക.
പതിനെട്ടാം പടിക്കു മുന്നിലുള്ള ആഴിയിൽ മേൽശാന്തി അഗ്നി പകർന്ന ശേഷമാണ് ഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, മെമ്പർ കെ.പി.ശങ്കരദാസ് എന്നിവരും ദർശനത്തിന് എത്തി.തുലാം ഒന്നായ ഇന്നു രാവിലെ 5 മണിക്ക് നട തുറന്ന് നിർമ്മാല്യവും അഭിഷേകവും നടത്തും. തുടർന്ന് നെയ്യഭിഷേകവും പതിവു പൂജകളും ഉണ്ടാകും. പടി പൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന അഞ്ചു ദിവസവും ഉണ്ടാകും.പൂജകൾ പൂർത്തിയാക്കി 22ന് രാത്രി 10 ന് നട അടയ്ക്കും. തുടർന്ന് ചിത്തിര ആട്ടത്തിരുന്നാളിനായി 26 ന് വൈകിട്ട് തുറന്ന് 27 ന് രാത്രിയിൽ അടയ്ക്കും.