
കൊച്ചി: മരടിൽ പൊളിക്കുന്ന ഫ്ളാറ്റുകളുടെ ഉടമകളായ 45 പേർക്ക് നഷ്ടപരിഹാരം നൽകാൻ ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ കമ്മിഷൻ ശുപാർശ ചെയ്‌തു. ഇതിൽ നാലുപേർക്ക് 25 ലക്ഷം രൂപ ലഭിക്കും. ആവശ്യത്തിന് രേഖകൾ സമർപ്പിക്കാത്തതിനാൽ നാല് അപേക്ഷകർക്ക് തുകയൊന്നും അനുവദിച്ചില്ല. 63 അപേക്ഷകളാണ് ഇന്നലത്തെ സിറ്റിംഗിൽ പരിഗണിച്ചത്.
ജെയിൻ കോറൽ കോവിൽ മൂന്നു പേർക്കും ആൽഫ സെറൈനിലെ ഒരാൾക്കുമാണ് 25 ലക്ഷം വീതം അനുവദിച്ചത്. 13,15,000 രൂപ മുതലാണ് അനുവദിച്ച തുക. ഇന്നലെ 6,31,11,493 രൂപ അനുവദിച്ചു. ശേഷിച്ച 18 അപേക്ഷകളിൽ ഇന്ന് തീരുമാനമെടുക്കും.
നാലുപേർക്ക് 25 ലക്ഷം രൂപ അനുവദിച്ചത് മറ്റുള്ളവർക്ക് അർഹതയില്ലാത്തത് കൊണ്ടല്ലെന്ന് കമ്മിഷൻ അറിയിച്ചു. നഷ്ടപരിഹാരത്തിനായി സമർപ്പിച്ച അപേക്ഷയിലെ രേഖകൾ മതിയാവാത്തതിനാലാണ് നൽകാത്തത്. നിർമ്മാതാവ് നൽകിയ രസീത്, ബാങ്കിടപാടിലൂടെ തുക നൽകിയതിന്റെ തെളിവുകൾ തുടങ്ങിയവ ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ തുക അനുവദിക്കും. രേഖകൾ പരമാവധി വേഗത്തിൽ സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അംഗങ്ങളായ ജോസ് സിറിയക്, ആർ. മുരുകേശൻ എന്നിവരും സിറ്റിംഗിൽ പങ്കെടുത്തു.