മുംബയ് :മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസിനും എൻ.സി.പിക്കും എതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 1993ലെ മുംബയ് സ്‌ഫോടനത്തിലെ കുറ്റവാളികളെ രക്ഷപ്പെടുത്താനും ശത്രുരാജ്യത്തിൽ അഭയം പ്രാപിക്കാനും സഹായിച്ചത് ആരാണെന്ന് ഉടൻ വ്യക്തമാകുമെന്നു മോദി പറഞ്ഞു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഇക്ബാൽ മേമൻ മിർച്ചിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ശരദ് പവാറിന്റെ വിശ്വസ്തൻ പ്രഫുൽ പട്ടേലിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രസ്താവന.
1993 ലെ സ്ഫോടന പരമ്പരയ്ക്കു ശേഷം ദാവൂദ് ഇബ്രാഹിമും ടൈഗർ മേമനും മറ്റു പ്രധാന പ്രതികളും പാകിസ്ഥാനിലേക്ക് പലായനം ചെയ്തിരുന്നു. അന്നു പവാറിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ അധോലോകവുമായി കൈകോർത്തു പ്രവർത്തിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം പവാറും സംഘവും നിഷേധിക്കുകയായിരുന്നു കൂട്ടക്കൊലയ്ക്ക് കാരണക്കാരായവർ ശത്രുരാജ്യങ്ങളിൽ അഭയം തേടി. ഇതെങ്ങനെയാണ് സംഭവിച്ചതെന്ന് ജനം ചോദിക്കുന്നു. കുറ്റവാളികളെ ഓടിപ്പോകാൻ ആരാണ് സഹായിച്ചതെന്നും. വ്യവസായപരമോ, വാണിജ്യപരമോ അതോ മറ്റെതെങ്കിലും രീതിയിലാണോ അവർ കുറ്റവാളികളുമായുള്ള ബന്ധപ്പെട്ടു കിടക്കുന്നതെന്ന് ഉടൻ വെളിപ്പെടുമെന്ന് ആരുടെയും പേരെടുത്തു പരാമർശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു
അപ്രസക്തമായ വിഷയങ്ങൾ ഉന്നയിച്ച് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ്. പക്ഷേ, ജനങ്ങൾ അവരുടെ തെറ്റുകൾക്കു ഉത്തരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.